കര്‍ണാടക മുള്‍ക്കിയില്‍ വാഹനാപകടത്തില്‍ വോര്‍ക്കാടി പാത്തൂര്‍ സ്വദേശിനി മരിച്ചു
കാസര്‍കോട്: കാസര്‍കോട് സ്വദേശിനിയായ യുവതി കര്‍ണാടക മുള്‍ക്കിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വോര്‍ക്കാടി പാത്തൂര്‍ സ്വദേശി ജയരാമ ഷെട്ടിയുടെയും സുഭിതയുടെയും മകള്‍ പ്രീതിക ഷെട്ടി(21) ആണ് മരിച്ചത്. സൂറത്കല്ലിലെ ഒടിയൂര്‍ സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മുള്‍ക്കിയില വിജയ സന്നിധി ജംഗ്ഷനു സമീപമാണ് അപകടം. സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ ഉഡുപ്പി ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോള്‍ കാറിടിച്ചായിരുന്നു അപകടം. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രീതികയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുഹൃത്ത് ബണ്ട്വാള്‍ സ്വദേശി മന്‍വിത് ഷെട്ടി (21)യെ സാരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. എ.ജെ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പ്രസാദ് സഹോദരനാണ്.