ഏഷ്യാകപ്പ് ഫൈനൽ നാളെ; ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ മത്സരിക്കില്ല, പ്രതീക്ഷയോടെ ഇന്ത്യ
ന്യൂഡൽഹി: ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് വൻതിരിച്ചടി. ഞായറാഴ്ച കൊളംബിയയിൽ നടക്കാൻ പോകുന്ന അവസാന പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെയുളള ശ്രീലങ്കൻ ടീമിൽ സ്റ്റാർ സ്പിന്നറായ മഹീഷ് തീക്ഷണയ്ക്ക് മത്സരിക്കാൻ സാധിക്കില്ല.
താരത്തിന് പരിക്കേറ്റതാണ് കാരണം. പാകിസ്ഥാനെതിരെ ശ്രീലങ്ക നടത്തിയ പോരാട്ടത്തിലാണ് താരത്തിന്റെ വലത് കൈത്തണ്ടയ്ക്ക് പരിക്കേറ്റത്. തുടർന്നുളള സ്കാനിംഗിലാണ് മഹീഷിന്റെ വലത് കൈത്തണ്ടയിലെ പേശികൾക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചത്.
ഈ വർഷത്തെ ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത നാലാമത്തെ താരമാണ് മഹീഷ് തീക്ഷണ. അഞ്ച് മത്സരങ്ങളിലായി എട്ട് വിക്കറ്റ് നേടിയിട്ടുണ്ട്. മൂന്ന് ഇന്നിംഗ്സുകളിലുമായി 32 റൺസ് നേടി. തീക്ഷണയ്ക്ക് പകരക്കാരനായി ഇരുപത്തേഴുകാരനായ സഹൻ ആരാച്ചിഗെയെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഒരു ഏകദിന പരമ്പരയിൽ മാത്രം കളിച്ച സഹൻ 57 റൺസും ഒരു വിക്കറ്റും നേടി ശ്രദ്ധേയനായിരുന്നു.
കൊളംബോയിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡാണ് വിവരം അറിയിച്ചത്.