ഈ റേഷൻ കാർഡാണോ കൈയിലുള്ളത്? എങ്കിൽ നിങ്ങൾ കരുതി ഇരിക്കൂ; പറവൂരിൽ പിഴയടപ്പിച്ചത് 19 ലക്ഷം രൂപ
പറവൂർ: മുൻഗണനാ റേഷൻകാർഡ് അനധികൃത കൈവശം സൂക്ഷിച്ചതിന് ജില്ലയിൽ കൂടുതൽ പേർ പിടിയിലായാണ് പറവൂർ താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ. രണ്ട് വർഷത്തിനിടെ 520 പേരാണ് പരാതിയിലും പരിശോധനയിലും പിടിയിലായത്. ഇവരിൽ നിന്ന് പിഴയായി ഈടാക്കിയത് 19,08,025 രൂപ.
കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലെ 499 പേരും ആലുവ സപ്ലൈ ഓഫീസ് പരിധിയിൽ നിന്ന് 449 പേരും പിടിയിലായി. 2021 മേയ് മുതലാണ് സംസ്ഥാന സർക്കാർ അനർഹമായി റേഷൻകാർഡ് കൈവശം വച്ചവർക്കെതിരെ നടപടി ആരംഭിച്ചത്.
ഓപ്പറേഷൻ യെല്ലോ എന്നപേരിൽ നടത്തിയ പരിശോധനയിൽ ജില്ലയിൽ 2,243 പേരാണ് കുടുങ്ങിയത്. ഇവരുടെ കാർഡുകളെല്ലാം പൊതുവിഭാഗത്തിലേക്ക് മാറ്റി. പരാതി നൽകിയവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചതിനാൽ കൂടുതൽ പേർ പരാതി നൽകാൻ മുന്നോട്ടുവന്നതാണ് പദ്ധതി വിജയം. ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാലുചക്ര വാഹനമുള്ളവർ, 25,000 രൂപയിൽ കൂടുതൽ മാസവരുമാനമുള്ളവർ, കേന്ദ്ര സംസ്ഥാന പൊതുമേഖലകളിലെ ജോലിക്കാർ എന്നിവരെയാണ് മുൻഗണനാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. വിവിധ കാരണങ്ങളാൽ അനധികൃതമെന്ന് ബോദ്ധ്യമുണ്ടായിട്ടും പലരും കാർഡ് കൈവശം വയ്ക്കുകയായിരുന്നു.