ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി മുസ്ലിം ലീഗ്; പാര്‍ലമെന്റ് കൺവെൻഷനുകള്‍ക്കു തുടക്കം
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കു തുടക്കംകുറിച്ച് മുസ്ലിം ലീഗ്. 20 ലോക്സഭാ മണ്ഡലങ്ങളിലും കൺവെൻഷൻ നടക്കും. ലീഡേഴ്സ് പാർലമെന്റ് എന്ന പേരിൽ പൊന്നാനി മണ്ഡലത്തിൽ ആദ്യ കൺവെൻഷൻ നടന്നു.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങുംമുൻപ് തന്നെ മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ ആരംഭിച്ചിരിക്കുകയാണ്. പൊന്നാനി മണ്ഡലത്തിലെ ബൂത്തുതല ചെയർമാന്മാരെയും കൺവീനർമാരെയും ഉൾപ്പെടുത്തി തിരൂരിൽ നടന്ന കൺവെൻഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.എം.എ സലാം തുടങ്ങി നിരവധി നേതാക്കൾ കൺവെൻഷനിൽ പങ്കെടുത്തു.
മലപ്പുറം, വയനാട് മണ്ഡലങ്ങളിൽ ഇന്നാണ് കൺവെൻഷൻ. മറ്റ് പാർലമെന്റ് മണ്ഡലങ്ങളിൽ കൂടി കൺവെൻഷൻ പൂർത്തിയായാൽ നിയോജക മണ്ഡലം തലത്തിലും കൺവെൻഷൻ നടത്തും. മുസ്ലിം ലീഗ് ഔദ്യോഗികമായി സ്ഥാനാർഥി ചർച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും അതുമായി ബന്ധപ്പെട്ടു ചില സൂചനകൾ പുറത്തുവരുന്നുണ്ട്.
നിലവില്‍ പൊന്നാനി എം.പിയായ ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്ത് മത്സരിക്കാനാണ് സാധ്യത. പൊന്നാനിയിൽ കെ.എം ഷാജി, പി.കെ ഫിറോസ് തുടങ്ങിയവരുടെ പേരുകളും ഉയർന്നുകേള്‍ക്കുന്നുണ്ട്.