മസ്കറ്റിൽ നിന്നെത്തിയ ഒറ്റ വിമാനത്തിൽ 113 കള്ളക്കടത്തുകാർ; കസ്റ്റംസ് പിടിച്ചെടുത്തത് 14 കോടി വിലവരുന്ന വസ്തുക്കൾ
ചെന്നൈ: സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും നികുതി വെട്ടിച്ച് കടത്താൻ കൂട്ടുനിന്നതിന് വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേർക്കെതിരെയും കസ്റ്റംസ് കേസെടുത്തു. മസ്കറ്റിൽ നിന്നെത്തിയ ഒമാൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരിൽ നിന്ന് 14 കോടിയോളം രൂപയുടെ വസ്തുക്കളാണ് പിടിച്ചത്. കമ്മീഷനായി ചോക്ലേറ്റ്, പെർഫ്യൂം തുടങ്ങിയവ വാഗ്ദാനം ചെയ്താണ് കള്ളക്കടത്തുസംഘം യാത്രക്കാരെ സ്വാധീനിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 186 പേരെയും തടഞ്ഞുവച്ച് പരിശോധിച്ചിരുന്നു. 13 കിലോ സ്വർണം ബിസ്കറ്റ്, മിശ്രിതം, സ്പ്രിംഗ്വയർ തുടങ്ങിയവ പല രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. 120 ഐഫോണുകൾ, 84 ആൻഡ്രോയ്ഡ് ഫോണുകൾ, വിദേശ സിഗരറ്റ്, കുങ്കുമപ്പൂവ്, ലാപ്ടോപ്പുകൾ എന്നിവ സ്യൂട്ട്കേസുകളുടെയും ബാഗുകളുടെയും രഹസ്യ അറകളിലായിരുന്നു. 113 പേരെയും ജാമ്യത്തിൽ വിട്ടു.