കാസർകോട്: ബംഗ്ളൂരുവിലെ സ്റ്റീൽ കമ്പനിയിൽ നിന്നു കണ്ണൂരിലെ നിർമ്മാണ സ്ഥലത്തേയ്ക്ക് ലോഡ് കൊണ്ടുവന്ന ലോറിയിൽ നിന്നു 3.53 ടൺ കമ്പികൾ മോഷണം പോയി. മോഷണകാര്യം സ്ഥിരീകരിക്കുന്നതിന് ലോഡ് തൂക്കുന്നതിനായി തലപ്പാടിയിലേയ്ക്ക് ലോറി കൊണ്ടുവരുന്നതിനിടെ ഡ്രൈവറും സഹായിയും ഇറങ്ങിയോടി. സംശയം തോന്നിയ നാട്ടുകാരും പൊലീസും ഇരുവരെയും പിൻതുടർന്ന് പിടികൂടി കണ്ണൂർ എടക്കാട് പൊലീസിനു കൈമാറി.
കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റിക്ക് വേണ്ടിയാണ് കമ്പി കൊണ്ട് വന്നത്. 4 ലോറികളിലായി കമ്പികൾകൊണ്ടുവന്നിരുന്നു. എന്നാൽ ഇതിൽ ഒരു ലോറിയിൽ ഉണ്ടായിരുന്ന കമ്പികളിൽ കുറവ് ഉള്ളതായി സംശയം ഉയർന്നു. കരാറുകാർ ലോറി ഡ്രൈവറോടും സഹായിയോടും ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.തുടർന്ന് തൂക്ക കുറവ് ഉള്ളതായി കാണിച്ച് സൊസൈറ്റി അധികൃതർ എടക്കാട് പൊലീസിൽ പരാതി നൽകി. കമ്പി ലോറി സഹിതം തൂക്കുന്നതിന് വെയ്ബിഡ് തലപ്പാടിയിൽ മാത്രമേ ഉള്ളൂ. ഇവിടേയ്ക്ക് പൊലീസിന്റെ സഹായത്തോടെ ലോറി കൊണ്ടുവരുന്നതിനിടയിലാണ് കാഞ്ഞങ്ങാട്ട് ലോറി നിർത്തി ഡ്രൈവർ ഷിമോഗ സ്വദേശി മുഹമ്മദ് പീർ(30), സഹായി ബംഗ്ളൂരുവിലെ ഉത്തം (40) എന്നിവർ ഇറങ്ങിയോടിയത്.പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരുവരെയും ചോദ്യം ചെയ്യുകയും ലോറിയിൽ നിന്നു കമ്പി മോഷണം പോയ കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. മോഷണത്തിന് പിന്നിൽ ലോറി ബ്രോക്കറായ കണ്ണയ്യ ആണെന്നും ഇയാളെ തെരയുകയാണെന്നും പൊലീസ് അറിയിച്ചു.