പാകിസ്താനെ പടിയിറക്കി വിട്ടു; ഏഷ്യാ കപ്പ് ഫൈനലില്‍ ഭാരതവും ശ്രീലങ്കയും തമ്മില്‍ പോരാട്ടം
കൊളംബൊ: ഏഷ്യാ കപ്പില്‍ നിന്നും പാകിസ്താൻ പുറത്ത്. ശ്രീലങ്കയോട് രണ്ട് വിക്കറ്റിനാണ് തോല്‍വി സമ്മതിച്ച് പാകിസ്താൻ മടങ്ങിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് നേടിയത്. 86 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക അവസാന പന്തിലാണ് വിജയലക്ഷ്യം മറികടന്നത്. 91 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്കോറര്‍. മഴമൂലം കളി 42 ഓവറായി ചുരുക്കിയിരുന്നു.`
അവസാന നാല് ഓവറില്‍ നിന്നും 28 റണ്‍സ് ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു. ആദ്യ രണ്ട് ഓവറില്‍ നിന്നും ധനഞ്ജയ ഡി സില്‍വ- അസലങ്ക സഖ്യം എട്ട് റണ്‍സ് വീതം നേടി. രണ്ട് ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് എന്നിരിക്കെ ധനഞ്ജയ (5) പുറത്തായി. തൊട്ടടുത്ത പന്തില്‍, ദുനിത് വെല്ലാലഗെയും (0) മടങ്ങി. അവസാന ഓവറില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ എട്ട് റണ്‍സ് വേണ്ടിയിരുന്നു. 47 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ചരിത് അസലങ്ക ലങ്കയുടെ വിജയത്തില്‍ നിര്‍ണാക പങ്കുവഹിക്കുകയായിരുന്നു.
മുഹമ്മദ് റിസ്വാൻ(86), അബ്ദുള്ള ഷഫീഖ്(52), ഇഫ്തിഖര്‍ അഹമ്മദ്(47) എന്നിവരാണ് പാകിസ്താന്റെ ടോപ് സ്കോറര്‍മാര്‍. കുസല്‍ മെൻഡീസ്(91), ചരിത് അസലങ്ക(49), സദീര സമരവിക്ര(48) എന്നിവര്‍ ശ്രീലങ്കയ്ക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു. പാകിസ്താനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ച ശ്രീലങ്കയ്ക്ക് കലാശപോരാട്ടത്തില്‍ ഭാരതമാണ് എതിരാളി.