സമൂഹമാദ്ധ്യമത്തിലൂടെ പ്രവാചകനെ അപകീർത്തിപ്പെടുത്തി; സൗദിയിൽ യുവതിയ്ക്കെതിരെ നിയമനടപടി
റിയാദ്: സമൂഹമാദ്ധ്യമത്തിലൂടെ പ്രവാചക നിന്ദ നടത്തിയതിന് യുവതിയെ മീഡിയ റെഗുലേറ്ററി അതോറിറ്റി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ഇവർക്കെതിരെ തുടർനടപടി സ്വീകരിക്കും. എക്സ് പ്ളാറ്റ്ഫോം വഴി പ്രവാചക നിന്ദ ഉള്ളടക്കമായി വരുന്ന സന്ദേശങ്ങളും വീഡിയോകളും പങ്കുവച്ചതിനാലാണ് യുവതിയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത്. പ്രവാചക പത്നി ഖദീജയെയും ഇവർ അപകീർത്തിപ്പെടുത്തിയതായാണ് കണ്ടെത്തൽ.
മീഡിയ റെഗുലേറ്ററി അതോറിറ്റി അന്വേഷണം പൂർത്തിയാക്കിയാൽ കേസ് പബ്ളിക് പ്രോസിക്യൂഷന് കൈമാറും. കുറ്റം ചെയ്തതായി തെളിഞ്ഞാൽ തടവും പിഴയും ശിക്ഷയായി വിധിക്കും. രാജ്യത്തെ നിയമപ്രകാരം പ്രവാചക നിന്ദയ്ക്ക് അഞ്ച് വർഷം തടവും 30 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ.
അതേസമയം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദിയിലെ സ്വകാര്യ, നോൺ പ്രൊഫിറ്റ് മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ ജീവനക്കാർക്ക് സെപ്റ്റംബർ 23ന് പൊതു അവധിയായിരിക്കുമെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ദേശീയ ദിനം അനുബന്ധിച്ച് രാജ്യത്തെ സ്കൂളുകൾക്കും യുണിവേഴ്സിറ്റികൾക്കും സെപ്റ്റംബർ 24-നാണ് അവധി. ആഘോഷ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.