കുവൈത്തില്‍ അബ്ദാലി ഫാം മേഖലയില്‍ വൻ മദ്യനിര്‍മാണശാല; 236 ബാരല്‍ മദ്യം പിടികൂടി, ആറ് ഏഷ്യക്കാര്‍ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷനുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അബ്ദാലി ഫാം മേഖലയില്‍ വൻ മദ്യനിര്‍മാണശാല കണ്ടെത്തി.
ഇവിടെനിന്ന് 236 ബാരല്‍ മദ്യം, നിര്‍മാണോപകരണങ്ങള്‍ തുടങ്ങിയവ പിടികൂടി. ഏഷ്യൻ വംശജരായ ആറുപേരെ അറസ്റ്റു ചെയ്തു.
പ്രദേശത്തെ ഒരു ഫാം ഹൗസിനുള്ളിലാണ് അനധികൃത മദ്യനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. വില്പനക്കായി തയാറാക്കിയ മദ്യമാണ് പിടികൂടിയത്. ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാര്‍ട്മെന്റ് പ്രതികളെ ദിവസങ്ങളോളം നിരീക്ഷിച്ചശേഷമാണ് റെയ്ഡ് നടത്തിയത്.
കുറ്റവാളികളെയും നിയമവിരുദ്ധരെയും പിടികൂടുന്നതിനുള്ള സംയുക്ത ശ്രമങ്ങളില്‍നിന്നാണ് ഈ ഓപറേഷന്റെ തുടക്കമെന്ന് മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ സെക്യൂരിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും കോമ്ബീറ്റന്റ് അതോറിറ്റിക്ക് കൈമാറി, നടപടിക്ക് ശിപാര്‍ശ ചെയ്തു.