തൃശൂരിൽ പള്ളിപ്പെരുന്നാളിനിടെ സംഘർഷം; യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു
തൃശൂർ: ഇരിങ്ങാലക്കുടയിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. യൂത്ത് കോൺഗ്രസ് പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്. മാപ്രാണം ഹോളിക്രോസ് പള്ളി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സെന്റ് ജോൺ കപ്പേളയിൽ നിന്ന് ആരംഭിച്ച പുഷ്പകുരിശ് എഴുന്നള്ളിപ്പിനിടെയുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ഷാന്റോയ്ക്ക് കുത്തേറ്റത്.
ബാൻഡ് മേളത്തിന് മുമ്പ് മുമ്പിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഷാന്റോയും തിരുന്നാൾ കമ്മിറ്റിയിലുള്ള ഒരു യുവാവുമായി തർക്കമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ ആൾക്കൂട്ടത്തിൽ നിന്ന് ആരോ ഷാന്റോയെ സർജിക്കൽ ബ്ലേഡ് പോലുള്ള ആയുധം ഉപയോഗിച്ച് വയറ്റിൽ കുത്തുകയായിരുന്നു.
പരിക്കേറ്റ ഷാന്റോയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഘർഷത്തിൽ കമ്മിറ്റി അംഗമായ യുവാവിനും നിസാര പരിക്കേറ്റു. ഇരിങ്ങാലക്കുട എസ്എച്ച്ഒ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കേസെടുത്ത് ഷിന്റോയുടെ മൊഴി രേഖപ്പെടുത്തി.