മരിച്ചിട്ടും വിടാതെ, നിജോയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി ഓൺലൈൻ വായ്പാതട്ടിപ്പ് സംഘം; മോർഫ് ചെയ്ത ചിത്രങ്ങൾ വീണ്ടും അയക്കുന്നു
വരാപ്പുഴ: കടമക്കുടിയിൽ നാലംഗ കുടുംബം ജീവനൊടുക്കിയിട്ടും വിടാതെ ഓൺലൈൻ വായ്പാതട്ടിപ്പ് (വാലറ്റ് ബാങ്കിംഗ്) സംഘം. മരണമടഞ്ഞ യുവാവിന്റെ മോർഫ് ചെയ്ത ചിത്രം ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് പണമിടപാട് സംഘം ഭീഷണി തുടരുകയാണ്. നേരത്തെ യുവതിയുടെ ചിത്രവും മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു.
വലിയ കടമക്കുടി മാടശേരി നിജോ (39), ഭാര്യ ശില്പ (32), മക്കളായ ഏയ്ബൽ (ഏഴ്), ആരോൺ (അഞ്ച്) എന്നിവരെ ചൊവ്വാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓൺലൈൻ വഴിയുള്ള വായ്പാതട്ടിപ്പുകാരുടെ കെണിയിൽ കുടുംബം അകപ്പെടുകയായിരുന്നു. എത്രരൂപയാണ് വാങ്ങിയതെന്ന് കണ്ടെത്താനായിട്ടില്ല.
മാസം 9300രൂപ വീതം ശില്പ തിരിച്ചടച്ചതായി വായ്പാസംഘം അയച്ച സന്ദേശങ്ങളിൽ വ്യക്തമാകുന്നുണ്ട്. ശില്പയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽനിന്നാണ് തുക നൽകിയിരുന്നത്. ഇതിന്റെ ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയ ഓൺലൈൻ സംഘം ശില്പയ്ക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചുതുടങ്ങി. ഇത്തരം സന്ദേശങ്ങൾ ശില്പയുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈൽ ഫോണിൽ വാട്സാപ്പ് സന്ദേശമായും അയച്ചുകൊടുത്തു. ഹിന്ദിയിൽ ഒരു സ്ത്രീയുടെ ശബ്ദസന്ദേശമാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ ഹിന്ദി നന്നായി സംസാരിക്കാൻ അറിയാവുന്നവർ സംസാരിക്കുന്ന രീതിയിലല്ല സംഭാഷണം.
നിങ്ങളുടെ തിരിച്ചടവ് മുടങ്ങിയെന്നും പണം ഉടൻ തിരിച്ചടച്ചില്ലെങ്കിൽ മോർഫ് ചെയ്ത നഗ്നചിത്രങ്ങളടക്കം അയച്ചുനൽകുമെന്നും ശബ്ദസന്ദേശത്തിലുണ്ട്. സന്ദേശം ലഭിച്ചവരിൽ പലരും ഇത് കാര്യമായെടുത്തിരുന്നില്ല. ഇവർ ആത്മഹത്യ ചെയ്തതോടെയാണ് ഇതിന്റെ ഗൗരവം ബോദ്ധ്യമാകുന്നത്.
ശില്പയുടെ മോർഫ് ചെയ്ത നഗ്നചിത്രത്തോടൊപ്പം നഗ്നവീഡിയോയും ചൊവ്വാഴ്ച അയച്ചുനൽകുമെന്ന് തിങ്കളാഴ്ച വൈകിട്ടോടെ ഓൺലൈൻ വായ്പാസംഘത്തിന്റെ സന്ദേശം ശില്പയുടെ വാട്സാപ്പിൽ ലഭിച്ചിട്ടുണ്ട്. ഓൺലൈൻ വായ്പാതട്ടിപ്പ് സംഘം അയച്ച മോർഫ് ചെയ്ത ശില്പയുടെ നഗ്നചിത്രങ്ങൾ ബന്ധുക്കൾക്കും ലഭിച്ചിട്ടുണ്ട്.മോർഫ്ചെയ്ത ചിത്രങ്ങളും മറ്റും അയച്ചുനൽകുമെന്ന ഭീഷണി ഉയർന്നതോടെ ശില്പ മുൻകൈയെടുത്ത് കൂട്ടആത്മഹത്യ പ്ലാൻ ചെയ്തതാകാമെന്ന സംശയമാണ് നിജോയുടെ സുഹൃത്തുക്കളും നാട്ടുകാരും പങ്കുവയ്ക്കുന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മുനമ്പം ഡി വൈ.എസ്.പി കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി.