ആയുഷ്മാന്‍ ഭവ : ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
കാസര്‍കോട്: വിവിധ ആരോഗ്യ സേവനങ്ങള്‍ ഒരു കുടക്കീഴില് കൊണ്ട് വരുന്നതിനായും കൂടുതല്‍ ഫലപ്രദമായ രീതിയില്‍ സേവനങ്ങള്‍ പൊതു ജനങ്ങളില്‍ എത്തിക്കുന്നതിനായും നടപ്പിലാക്കുന്ന ‘ ആയുഷ്മാന്‍ ഭവ ‘ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.റിജിത് കൃഷ്ണന്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.മുരളീധര നല്ലൂരായ, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ എം.മല്ലിക എന്നിവര്‍ സംസാരിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ.എ.വി.രാംദാസ് സ്വാഗതവും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.പി.വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.
ചടങ്ങിനോടാനുബന്ധിച്ചു ആയുഷ്മാന്‍ ഭവ : ദേശീയതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണം പ്രദര്‍ശിപ്പിച്ചു. അവയവദാന പ്രതിജ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് ചൊല്ലിക്കൊടുത്തു. ജില്ലയില്‍ കൂടുതല്‍ ക്ഷയ രോഗികള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിക്ഷയ മിത്ര അവാര്‍ഡ് ലഭിച്ച ചെമ്മനാട് ഗ്രാമ പഞ്ചായത്ത്, ചെങ്കള ഗ്രാമ പഞ്ചായത്ത് എന്നിവയ്ക്കു ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു. മൂന്നു ഘടകങ്ങളിലൂടെയാണ് ആയുഷ്മാന്‍ ഭവ പരിപാടി നടപ്പിലാക്കുന്നത്. അര്‍ഹരായ മുഴുവന്‍ ഗുണ ഭോക്താക്കള്‍ക്കും ആയുഷ്മാന്‍ കാര്‍ഡ് വിതരണം ചെയ്യുന്ന ആയുഷ്മാന്‍ ആപ്ക ദ്വാര്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ആഴ്ചകള്‍ തോറും സംഘടിപ്പിക്കുന്ന ആയുഷ്മാന്‍ മേള, വിവിധ ആരോഗ്യ സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് അറിവ് പകരുന്നതിനായി വാര്‍ഡ് തലത്തില്‍ സംഘടിപ്പിക്കുന്ന ആയുഷ്മാന്‍ സഭ എന്നിവയാണ് ഇവ. ഈ മൂന്നു പരിപാടികളും മികച്ച രീതിയില്‍ ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ് അറിയിച്ചു.