മേല്‍പ്പറമ്പ്: സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ ഒരാള്‍ അറസ്റ്റില്‍. ചാത്തങ്കൈയിലെ പി.എ.അബ്ദുല്‍ നാസറാണ് 56, അറസ്റ്റിലായത്.പ്രതി കൈവശം വച്ചിരുന്ന 20ഗ്രാം കഞ്ചാവും ഇയാള്‍ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.മേല്‍പ്പറമ്പ് എസ്.ഐ.പി.പ്രമോദ്,സി.പി.ഒമാരായ രതീഷ് ബട്ടംപാറ,പ്രമോദ് ഉദുമ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം വൈകീട്ട് മേല്‍പ്പറമ്പ് ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തുനിന്നും പ്രതിയെ പിടികൂടിയത്.സ്കൂള്‍ പരിസരത്ത് അസാധാരണമായി അബ്ദുല്‍നാസറിനെ കണ്ടത്തിനെ തുടര്‍ന്ന് നാട്ടുകാരാണ് ശ്രദ്ധയില്‍പ്പെടുത്തിയത്.വിദ്യാര്‍ത്ഥികള്‍ പ്രതിയുടെ മൊബൈയില്‍ ഫോണില്‍ വിളിച്ച് കഞ്ചാവ് ആവശ്യപ്പെടുന്നതിനുസരിച്ച് സ്ഥലം മുന്‍കൂട്ടി പറയുകയും അവിടെ ഇയാള്‍ കഞ്ചാവ് പൊതി എത്തിച്ചുനല്‍കുകയുമായിരുന്നു.കഞ്ചാവ് പൊതികള്‍ കുട്ടികള്‍ ആവശ്യപ്പെട്ടതു പ്രകാരം കൊണ്ടുവന്നതാണെന്നും ഒരു തവണ 10 പൊതികള്‍ വരെ എത്തിക്കുമായിരുന്നുവെന്നും നാസര്‍ പോലീസിന് മൊഴി നല്കി.വിദ്യാനഗര്‍ സ്വദേശിയായ ഏജന്റാണ് ഇയാള്‍ക്ക് കഞ്ചാവ് പൊതികള്‍ കൈമാറുന്നതെന്ന് പോലീസ് അറിയിച്ചു. ഏജന്റിനായുള്ള തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.