മലയാളിയായ ബാങ്ക് മാനേജര്‍ മംഗളൂരുവിൽ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍
മംഗളൂരു: നഗരത്തിലെ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ മലയാളിയായ ബാങ്ക് മാനേജരെ മരിച്ചനിലയില്‍ കണ്ടെത്തി. യൂണിയന് ബാങ്ക് മുണ്ടക്കയം ബ്രാഞ്ചിലെ സീനിയര്‍ മാനേജരും തിരുവനന്തപുരം പേരൂര്‍ക്കട കോര്‍ഡിയല്‍ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനുമായ ഗോപു ആര്.നായര്‍ (38) ആണ് മരിച്ചത്. ബാങ്കിന്റെ യോഗത്തില്‍ പങ്കെടുക്കാനായി മംഗളൂരുവിലെത്തിയതാണ്.
ഞായറാഴ്ച രാവിലെ 11-ഓടെയാണ് ഗോപു ഫള്‍നീര്‍ റോഡിലെ മോത്തിമഹല്‍ ഹോട്ടലില്‍ മുറിയെടുത്തത്. വൈകിട്ട് നാലോടെ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയതായി ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു. നീന്തലിനിടെ അബോധാവസ്ഥയിലായതാണ് മരണകാരണമെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെ നീന്തല്‍ക്കുളം വൃത്തിയാക്കുന്ന ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പാണ്ഡേശ്വരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഹോട്ടല്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്.
മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. എം.പി.രഘുവിന്റെയും കെ.സി.തുളസിയമ്മയുടെയും മകനാണ്. ഭാര്യ: മീന ഗോപു (ഡെപ്യൂട്ടി മാനേജര്‍, എസ്.ബി.െഎ. ആര്.ബി. 4 തിരുവനന്തപുരം). മക്കള്‍: ഋഷിക് ജി.നായര്‍, ജാനകി ജി.നായര്‍. സഹോദരന്: അരുണ്‍ ആര്.നായര്‍. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 5.30-ന് ശാന്തികവാടത്തില്‍.