തൃശൂർ നഗരത്തിൽ വൻ സ്വർണക്കവർച്ച, ജുവലറി ജീവനക്കാരിൽ നിന്ന് മൂന്ന് കിലോ സ്വർണം തട്ടിയെടുത്തു
തൃശൂർ: നഗരത്തിൽ വൻ സ്വർണക്കവർച്ച. കാറിലെത്തിയ സംഘം ജുവലറി ജീവനക്കാരിൽ നിന്ന് മൂന്ന് കിലോ സ്വർണം തട്ടിയെടുത്തു.തൃശൂരിലെ ഡി പി ചെയിൻസ് എന്ന സ്ഥാപനത്തിൽ നിന്ന് കന്യാകുമാരി- മാർത്താണ്ഡം ഭാഗത്തുള്ള കടകളിലേയ്ക്ക് സ്വർണം എത്തിക്കാൻ ജീവനക്കാർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രണ്ട് കടകളിലെ ജീവനക്കാരായ റിൻറോ, പ്രസാദ് എന്നിവർ ഒരു ബാഗിൽ സ്വർണവുമായി 500 മീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു. കടയുടെ പുറത്തേയ്ക്ക് ഇറങ്ങിയതും മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്.
സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിനുശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.