‘ഈ പാർട്ടിക്കുവേണ്ടി ഒന്നോ, രണ്ടോ, മൂന്നോ അല്ല, പത്ത് തവണ തോൽക്കാനും ഞാൻ റെഡി’; തന്നെ അമ്പരപ്പിച്ച ജെയ്ക്കിന്റെ മറുപടിയെക്കുറിച്ച് നടൻ സുബീഷ് സുധി
ഇന്നലെ സംസ്ഥാനം മുഴുവൻ ഉറ്റുനോക്കിയത് പുതുപ്പള്ളിയിലേക്കായിരുന്നു. ഒടുവിൽ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തന്നെ ഉമ്മൻചാണ്ടിക്ക് പകരക്കാരനായി. അച്ഛനോടും മകനോടും തോറ്റ എൽ ഡി എഫിന്റെ യുവ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെക്കുറിച്ച് നടൻ സുബീഷ് സുധി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഉമ്മൻചാണ്ടിയുടെ പ്രഭാവത്തിൽ തിരഞ്ഞെടുപ്പിൽ തോറ്റുപോയാലോയെന്ന് മുൻപ് ജെയ്കിനോട് ചോദിച്ചിരുന്നെന്നും അതിന് അദ്ദേഹം നൽകിയ മറുപടി തന്നെ ഞെട്ടിച്ചിരുന്നെന്നുമാണ് നടൻ പറയുന്നത്. ‘പാർട്ടിക്ക് വേണ്ടി എത്രയോ മനുഷ്യർ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാർട്ടിക്കുവേണ്ടി ഒന്നോ, രണ്ടോ, മൂന്നോ അല്ല, പത്ത് തവണ തോൽക്കാനും ഞാൻ റെഡിയാണ്’- എന്നായിരുന്നു ജെയ്ക്കിന്റെ മറുപടി. അതാണ് സഖാവ് ജെയ്ക്കെന്ന് സുബീഷ് സുധി പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് 80,144 വോട്ടും ജെയ്ക്കിന് 42,425 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് 11,903 വോട്ടുകൾ ജയ്ക്കിന് കുറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന് 6,558 വോട്ടേ നേടാനായുള്ളൂ. കെട്ടിവച്ച കാശും നഷ്ടപ്പെടും.