മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ച ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു
കൊടുവള്ളി ആവിലോറയിൽ മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ച ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു. ആവിലോറ പാറക്കണ്ടി മുക്കിൽ ഇന്ന് പുലർച്ചെ ആണ് സംഭവം. കേ എൽ 57 എൻ 6067 നമ്പർ ബെൻസ് കാരാണ് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടു മുറ്റത്തേക്ക് മറിഞ്ഞ്. ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോൾ രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ അബോധാവസ്ഥയിൽ ആയിരുന്നു. പിന്നീട് ഇവർ ഉണർന്ന് കാർ പരിശോധിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ നോക്കിയപ്പോൾ മയക്കുമരുന്ന് ഇലക്ട്രിക് തുലാസ് എന്നിവ കണ്ടെത്തി.
തുടർന്ന് നാട്ടുകാർ ഇവരെ പിടികൂടി കൊടുവള്ളി പോലീസിന് കൈമാറി. കത്തറമ്മൽ പുത്തൻ പീടികയിൽ ഹബീബ് റഹ്മാൻ, താമരശ്ശേരി വെഴുപ്പൂർ ചുണ്ട കുന്നുമ്മൽ അനുവിന്ദ് എന്നിവരെയാണ് കാറിൽ കണ്ടെത്തിയത്. ഇതിനിടെ കാറിൽ നിന്നും ഒരു പൊതി ഇവർ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. പോലീസ് വാഹനം പരിശോധിക്കുന്നതിനിടെ ഹബീബ് റഹ്മാൻ ഓടി രക്ഷപ്പെട്ടു. കൊടുവള്ളി എസ് ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിൽ പുറത്തും കാറിലും നടത്തിയ പരിശോധനയിൽ കവറിലാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞതും പേഴ്സിൽ ഒളിപ്പിച്ചതും ആയ 3.5ഗ്രാം എംഡി എം എ കണ്ടെടുത്തു.