കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് ക്രിസ്റ്റൽ രാജ് ആ വീട്ടിൽ നിന്ന് ഒരു സാധനം കൂടിയെടുത്തു; പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചതും ഇതാണ്
ആലുവ: ആലുവയിലെ ബാലിക പീഡനക്കേസിൽ പിടിയിലായ പ്രതി നെയ്യാറ്റിൻകര ചെങ്കൽ വഞ്ചിക്കുഴി കമ്പാരക്കൽവീട്ടിൽ ക്രിസ്റ്റൽരാജിന് മൊബൈൽഫോൺ മോഷണം ഹരമാണ്. മോഷണം നടത്തുന്ന വീട്ടിൽ വിലപിടിപ്പുള്ള പലതും കണ്ടാലും എടുക്കാതെ മൊബൈൽഫോൺ തെരയുന്നതാണ് ഇയാളുടെ രീതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒടുവിൽ ആലുവ കേസിൽ കുടുങ്ങിയതും മോഷ്ടിച്ചെടുത്ത മൊബൈൽഫോൺ വഴിയാണ്.
പീഡനത്തിനിരയാക്കിയ കുട്ടിയുടെ വീട്ടിൽനിന്ന് കുട്ടിയെ പുറത്തേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് മേശപ്പുറത്തിരുന്ന മൊബൈൽഫോൺ പ്രതി പോക്കറ്റിലാക്കിയിരുന്നു. കുട്ടിയെ പീഡിപ്പിച്ച് വഴിയിൽ തള്ളിയശേഷം ആശാൻലൈൻവഴി പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ മാർവർ കവലയിൽ പ്രതി എത്തി. ഇവിടെ വഴിയരികിലുള്ള ഒരു ഡോക്ടറുടെ ആൾത്താമസമില്ലാത്ത വീടിന്റെ കാർപോർച്ചിലെത്തി. ഇവിടെയിരുന്ന് മൊബൈൽഫോണിൽനിന്ന് സിം നീക്കുന്നതിന്റെ സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. പുലർച്ചെ ഇതിന് തൊട്ടടുത്തവീട്ടിൽ പൊലീസെത്തിയത് കണ്ട പ്രതി ഉടൻ മതിൽ ചാടിക്കടന്ന് ഓട്ടോറിക്ഷയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി. സി.സി ടിവി ദൃശ്യത്തിൽ കണ്ട പ്രതിയുടെ ചിത്രം റെയിൽവേ സ്റ്റേഷൻ പരിസരത്തെ പതിവ് മോഷ്ടാക്കളെ കാണിച്ച് പൊലീസ് ആളെതിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി ‘കൊക്ക് സതീഷ്’ ആണെന്നും മൊബൈൽഫോൺ മോഷണമാണ് മുഖ്യപരിപാടിയെന്നും വിവരംലഭിച്ചു. ഈ വിവരങ്ങൾ സഹിതം പൊലീസിന്റെ സംസ്ഥാന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചപ്പോൾ മുഴുവൻ വിവരവും ലഭിച്ചു. ഇതോടെ പ്രതി ക്രിസ്റ്റൽ രാജാണെന്ന് ഉറപ്പിച്ചു.
റെയിൽവേ സ്റ്റേഷനിലെ സി.സി ടിവി കാമറകളെല്ലാം പൊലീസ് പരിശോധിച്ചതോടെ പ്രതി ആലുവ വിട്ടിട്ടില്ലെന്ന് ഉറപ്പിച്ചു. മണപ്പുറം കുട്ടിവനം, തുരുത്ത് നടപ്പാലം, മാർത്താണ്ഡവർമ്മപാലം എന്നിവിടങ്ങളിലാണ് പ്രതി തമ്പടിക്കാൻ സാദ്ധ്യതയെന്ന് അറിയാവുന്ന പൊലീസ് ഈ മൂന്നിടത്തും തെരച്ചിൽ ആരംഭിച്ചു. ഒടുവിൽ മൂന്നരയോടെ മാർത്താണ്ഡവർമ്മപാലത്തിന് അടിയിൽനിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. ഇതിനിടയിൽ ഇയാൾ പാലത്തിനടിയിലെത്തിയ ഒരു അന്യസംസ്ഥാനക്കാരനെക്കൊണ്ട് രണ്ട് അപ്പം വാങ്ങി കഴിച്ചിരുന്നു. ഇയാളേയും കണ്ടെത്തി പൊലീസ് ചോദ്യംചെയ്തിരുന്നു.