വികസനമില്ല പ്രചരണം തിരിച്ചടിയായി; ‘ഇടത് പ്ലാന്‍’ തിരിഞ്ഞു കൊത്തിയത് ഇങ്ങനെ
പുതുപ്പള്ളി: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി തുടര്‍ന്നു വന്നിരുന്ന ആധിപത്യം അവസാനിപ്പിക്കാം എന്ന ഇടത് മുന്നണിയുടെ ആഗ്രഹം കൂടിയാണ് ഉപതെരഞ്ഞെടുപ്പിലെ വന്‍ ഭൂരിപക്ഷത്തോടെയുള്ള ചാണ്ടി ഉമ്മന്റെ വിജയം തകര്‍ത്തത്. മണ്ഡലത്തിലെ ഏഴില്‍ ആറ് പഞ്ചായത്തും ഭരിക്കുന്ന ഇടതുപക്ഷം വിദൂരമായ വിജയ സാധ്യത കണ്ടിരുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നത് ഈ പ്രതീക്ഷയ്ക്ക് വക നല്‍കിയിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ മണ്ഡലം വീണ്ടും ഉപതെരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ സഹതാപ തരംഗത്തിനോട് മുട്ടി നില്ക്കാന് വലിയ പടക്കോപ്പ് തന്നെ വേണ്ടിയിരുന്നു ഇടത് പക്ഷത്തിന്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് തന്നെ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് മേല്‍ക്കൈ ഉറപ്പിച്ചിരുന്നു. അപ്പോള്‍ ഇടത് പക്ഷത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുന്നെ ഉണ്ടായിരുന്നുള്ളൂ. ഒടുക്കം ജെയ്ക്കിനെ മൂന്നാം വട്ടവും പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ഇറക്കി.
ഉമ്മന്‍ചാണ്ടിയുടെ എന്തെങ്കിലും കാര്യം പറയുന്നതിന് പകരം മണ്ഡലത്തിലെ പൊതു വികസന കാര്യങ്ങള്‍ പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടാം എന്ന തന്ത്രമാണ് ഇടത് സ്വീകരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വികസന ചര്‍ച്ചയ്ക്ക് വിളിച്ചായിരുന്നു തുടക്കം. എന്നാല്‍ ഈ കെണിയില്‍ വീഴതെ യുഡിഎഫ് മുതിര്‍ന്ന നേതാക്കള്‍ തന്നെ ആദ്യം ഇതിന് പ്രതിരോധം തീര്‍ത്തു. പിന്നീട് ഉമ്മന്‍ചാണ്ടി തടിപ്പാലം കടക്കുന്നത് അടക്കം വച്ച് നടത്തിയ വികസനമില്ലായ്മ എന്ന ഇടത് സൈബര്‍ പ്രചാരണങ്ങളെ യുഡിഎഫ് സൈബര്‍ വിഭാഗവും അതേ രീതിയില്‍ മറുപടി നല്കി.
ഒപ്പം മണ്ഡലത്തിലെ പൊതു സംവാദങ്ങളില്‍ സര്‍ക്കാറിനെതിരെയുള്ള വിവാദങ്ങളും മറ്റും ചര്‍ച്ചയാക്കുക എന്നതായിരുന്നു യുഡിഎഫ് തന്ത്രം. പിന്നീട് വികസന ചര്‍ച്ചയില്‍ തുടങ്ങിയ ഇടത് സൈബര്‍ പ്രചാരണങ്ങള്‍ പിന്നീട് സൈബര്‍ ആക്രമണമായി മാറുന്ന കാഴ്ചയാണ് കണ്ടത്. വീണ വിജയന്റെ മാസപ്പടി ചര്‍ച്ചകളില്‍ നിന്നും രൂപപ്പെട്ട ചര്‍ച്ചകള്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണമായി പരിണമിച്ചു. ഇത് വലിയതോതില്‍ ചര്‍ച്ചയായി. ഇവിടെ വികസനം എന്നതിനപ്പുറം വീണ്ടും പുതുപ്പള്ളി ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി ഇടം പിടിക്കാന്‍ ഇടയായി.
ഒപ്പം ഉമ്മന്‍ചാണ്ടിയെ നല്ലത് പറഞ്ഞതിന് മൃഗാശുപത്രിയിലെ ജോലി പോയി എന്ന സതിയമ്മയുടെ വിവാദവും വലിയ ചര്‍ച്ചയായി. ഇതെല്ലാം ഉമ്മന്‍ചാണ്ടി എന്ന ഫാക്ടറിന് മുകളില്‍ വികസനം ചര്‍ച്ചയാക്കാനുള്ള ഇടത് ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. അവസാന ഘട്ടത്തില്‍ ചാണ്ടി ഉമ്മന്റെ പ്രസ്താവനകള്‍ വച്ച് വ്യക്തിപരമായ സൈബര്‍ ആക്രമണത്തിലേക്ക് ഇടത് സൈബര്‍ ഇടങ്ങളില്‍ നിന്നും ശ്രമം ഉണ്ടായി എന്നത് ശരിക്കും ഇടതിന്റെ വോട്ടിനെ ബാധിച്ചിരിക്കാം. ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്കിന്റെ ഭാര്യയ്ക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടായി എന്നാണ് എല്‍ഡിഎഫ് ആരോപണം.
എന്തായാലും വികസനം പറഞ്ഞ് വോട്ട് പിടിക്കാനുള്ള ഇടത് തന്ത്രങ്ങള്‍ ഒടുക്കം സൈബര്‍ ആക്രമണങ്ങളായി പരിണമിച്ചപ്പോള്‍ ഉദ്ദേശിച്ച രീതിയില്‍ അല്ല അത് വോട്ടായി മാറിയത് എന്ന് വ്യക്തം.