ജെയ്ക്കിന്റെ കുടുംബക്കാരുടെ വോട്ടുപോലും കിട്ടിയിട്ടുണ്ട്, ദൈവം തമ്പുരാൻ ഇറങ്ങിവന്ന് ഉപദേശിച്ചാലും നന്നാവാത്തവരാണ് ഇടതുപക്ഷം:വെടിപൊട്ടിച്ച് കെ സുധാകരൻ
തിരുവനന്തപുരം: പുതുപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി താേമസിന്റെ കുടുംബക്കാരുടെ വോട്ടുകളും ചാണ്ടി ഉമ്മന്‍ ലഭിച്ചിട്ടുണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. പുതുപ്പള്ളിയിലെ വിജയം ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതികാരമാണെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
‘പുതുപ്പള്ളിയിൽ യു ഡി എഫ് വിജയിച്ചുവരും എന്ന് തുടക്കം മുതൽ ഐക്യ ജനാധിപത്യമുന്നണി ഒരേ സ്വരത്തിൽ പറഞ്ഞിട്ടുണ്ട്. ജെയ്ക്കിന് കിട്ടുന്ന വോട്ടിനെക്കാൾ ചാണ്ടി ഉമ്മന്‍ ഭൂരിപക്ഷം കിട്ടും എന്നും പറഞ്ഞിട്ടുണ്ട്. ഈ വിജയം ഇടതുപക്ഷത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. എം വി ഗോവിന്ദൻ പറഞ്ഞത് ബി ജെ പിയുടെ വോട്ട് കോൺഗ്രസിന് കിട്ടിയെന്നാണ്. ബി ജെപിയുടെ വോട്ട് കിട്ടിയിട്ടുണ്ട്. അതുപോലെ സി പി എമ്മിന്റെ വോട്ടും കിട്ടിയിട്ടുണ്ട്. ഞങ്ങൾക്ക് എല്ലാവരുടെ വോട്ടും കിട്ടിയിട്ടുണ്ട്.സ്വന്തം ബൂത്തിലോ വാസവന്റെ ബൂത്തിലോ പോലും ജെയ്ക്ക് ഭൂരിപക്ഷം നേടിയിട്ടില്ല.ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതികാരമാണ് പുതുപ്പള്ളിയിലെ വിജയം. പുതുപ്പള്ളിയിലെ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയുള്ള വിജയമാണ്. പിണറായി വിജയന്റെ ധിക്കാരത്തിനും ഏകാധിപത്യത്തിനും കൊള്ളരാഷ്ട്രീയത്തിനും കുടുംബാധിപത്യത്തിനും എതിരായ വിജയം.പുതുപ്പള്ളിയിലെ എല്ലാ വോട്ടർമാരെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഇത് നൂറുശതമാനം രാഷ്ട്രീയ വിജയമാണ്. സഹതാപ തരംഗം ഉണ്ടാവാം.എന്നാൽ വിജയം അതുമാത്രം കൊണ്ടല്ല- സുധാകരൻ പറഞ്ഞു. സാക്ഷാൽ ദൈവം തമ്പുരാൻ ഇറങ്ങിവന്ന് ഉപദേശിച്ചാലും നന്നാവാത്തവരാണ് ഇടതുപക്ഷക്കാരെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
പുതുപ്പള്ളിയിൽ റെക്കോഡ് ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ ജയിച്ചത്. 37719 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ ലഭിച്ചതെന്നാണ് റിപ്പോർട്ട്. ദയനീയ പരാജയമാണ് ഇടതുസ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് നേരിട്ടത്.കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ 12684 വോട്ടുകളുടെ കുറവ് ഇടതുപക്ഷത്തിന് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഉറച്ച ഇടതുകോട്ടകളിൽപ്പോലും എൽ ഡി എഫ് പിന്നിലേക്ക് പോവുകയായിരുന്നു.ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലാണ് ബി ജെ പി.
പുതുപ്പള്ളിയിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ ലഭിച്ചത്. 2011 തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സുജ സൂസന് ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം.