‘ആലുവ പാലസിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ, 8 വയസുകാരി ബലാത്സംഗത്തിന് ഇരയായത് തൊട്ടടുത്ത്’; വിമര്‍ശിച്ച് സതീശൻ
കൊച്ചി: ആലുവയിൽ പെൺകുട്ടിക്കുനേരെ ആക്രമണം ആവർത്തിച്ചത് പൊലീസ് അനാസ്ഥയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ അക്രമത്തിന് ഇരയാവുന്ന നാടായി കേരളം മാറിയെന്ന് സതീശൻ വിമർശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആവർത്തിച്ചിട്ടും സർക്കാർ അനാസ്ഥ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ല. ആലുവ പാലാസിൽ മുഖ്യമന്ത്രിക്ക് ആവശ്യത്തിന് പൊലീസ് സുരക്ഷ ഉണ്ടായിരുന്നു. തൊട്ടടുത്താണ് കുട്ടി ബലാത്സംഗത്തിന് ഇരയായതെന്നും വി ഡി സതീശൻ വിമർശിച്ചു. പൊലീസിനിഷ്ടം ഗ്രോ വാസുവിനോട് വിരോധം തീർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യമാകുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പിൽ ഒരു കോർപറേഷൻ ചെയർമാനെ മാറ്റി പുതിയ ആളെ നിയമിച്ചത് പോലെ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്ത് തമാശയാണ് കേരളത്തിൽ നടക്കുന്നതെന്നും ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നതെന്നും വി ഡി സതീശൻ ചോദിച്ചു.