പുതുപ്പള്ളി: ഫലം നാളെ
കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ അവസാന കണക്ക് പ്രകാരം 72.86 ശതമാനം പോളിങ്. മണ്ഡലത്തിന്റെ അതിര്‍ത്തി പുനര്നിര്ണയിച്ചശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണിത്.
തെരഞ്ഞെടുപ്പ് ദിനത്തിലെ കണക്ക് പ്രകാരം പോളിങ് 72.91 ശതമാനമായിരുന്നു.
അതേസമയം, വെള്ളിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. 182 ബൂത്തില്‍നിന്നുള്ള വോട്ടുയന്ത്രങ്ങള്‍ ചൊവ്വാഴ്ച രാത്രി കോട്ടയം ബസേലിയോസ് കോളജില്‍ എത്തിച്ചു. തുടര്‍ന്ന് ഇ.വി.എം, വി.വി പാറ്റ് എന്നിവ പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് ഏജന്റുമാരുടെ ഒപ്പും രേഖപ്പെടുത്തി.
2021ല്‍ 74.84 ശതമാനം പോളിങ്ങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞതവണത്തെക്കാള്‍ 1.98 ശതമാനം കുറവ്. മഴയും വോട്ടര്‍മാരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കുറേ പേര് സ്ഥലത്തില്ലാതിരുന്നതുമാണ് പോളിങ് കുറയാൻ കാരണമായി കരുതുന്നത്. ആകെ 1,76,412 വോട്ടര്‍മാരില്‍ 1,28,535 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 86,131 പുരുഷന്മാരില് 64,078 പേരും 90,277 സ്ത്രീകളില്‍ 64,455 പേരും നാലു ട്രാൻസ്ജെൻഡര്‍മാരില്‍ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് ദിനത്തിനു മുമ്ബ് പോസ്റ്റല്‍ ബാലറ്റ് മുഖേന 2491 അസന്നിഹിത വോട്ടര്‍മാര്‍ (80 വയസ്സിനു മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍) വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്.