നിർത്തിയിട്ടിരുന്ന ലോറിയിൽ വാൻ ഇടിച്ചുകയറി; സേലത്ത് ഒരു വയസുകാരി ഉൾപ്പെടെ കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
സേലം: ലോറിയിലേയ്ക്ക് മിനിവാൻ ഇടിച്ചുകയറി ഒരു വയസുകാരി ഉൾപ്പെടെ ആറുപേർ മരിച്ചു. തമിഴ്നാട് സേലം ജില്ലയിലെ ശങ്കരി ബൈപാസിലാണ് സംഭവം. പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. നിർത്തിയിട്ട ലോറിയുടെ പിൻഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന വാൻ ഇടിച്ചുകയറുകയായിരുന്നു. ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജൻ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെൽവരാജ് (50), എം അറുമുഖം (48), ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആർ സഞ്ജന (1) എന്നിവരാണ് മരിച്ചത്. പളനിസ്വാമിയുടെ മകൾ ആർ പ്രിയ (21), അറുമുഖന്റെ മകൻ വിക്കി എന്ന വിഗ്നേഷ് (25) എന്നിവർക്കാണ് പരിക്കേറ്റത്. വിഗ്നേഷായിരുന്നു വാഹനം ഓടിച്ചിരുന്നത്.
Tragic road accident on Tamil Nadu highway kills 6 people. CCTV video emerges. #TamilNadu pic.twitter.com/grWJeeofoY
— Vani Mehrotra (@vani_mehrotra) September 6, 2023
സേലം സ്വദേശി രാജാദുരൈയുമായി രണ്ടുവർഷം മുമ്പാണ് പ്രിയയുടെ വിവാഹം നടന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ടുപേരും പിരിയാൻ തീരുമാനിച്ചതിനെ തുടർന്ന് മകൾ പ്രിയയെയും കുഞ്ഞിനെയും വീട്ടിലേയ്ക്ക് തിരികെ കൊണ്ടുവരാൻ ബന്ധുക്കൾക്കൊപ്പം രാജാദുരൈയുടെ വീട്ടിലേയ്ക്ക് പോയതായിരുന്നു പളനിസ്വാമിയും പാപ്പാത്തിയും. രാജാദുരൈയുടെ കുടുംബവുമായി സംസാരിച്ച ശേഷം രാത്രി വൈകിയാണ് ഇവർ പെരുന്തുറയിലേക്ക് പുറപ്പെട്ടത്. മൃതദേഹങ്ങൾ ശങ്കരി സർക്കാർ ആശുപത്രിയിലേയ്ക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.