ന്യൂഡല്‍ഹി:രാജ്യം മുഴുവനും മദ്യം നിരോധിക്കണമെന്ന ആവശ്യവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യനിരോധനം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കണ്‍വെണ്‍ഷനിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മദ്യനിരോധനം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്, അത് മാത്രം പോരാ, മറിച്ച് രാജ്യമൊട്ടാകെ നടപ്പിലാക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
ഇത് മഹാത്മാ ഗാന്ധിയുടെ ആഗ്രഹമാണെന്നും മദ്യം ജീവിതത്തെ തകര്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ മദ്യനിരോധനം രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു. ബിഹാറില്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂര്‍ നടപ്പിലാക്കി.
പക്ഷെ മുഴുവനായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും നിതീഷ് കുമാര്‍ പറയുന്നു. ബിഹാറില്‍ 2011 മുതല്‍ മദ്യനിരോധനം നടപ്പിലാക്കാന്‍ താന്‍ ആലോചിക്കുന്നതാണ്. അത് 2016ല്‍ നടപ്പിലാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.