എസ് പി ജി ഡയറക്ടർ അരുൺ കുമാർ സിൻഹ അന്തരിച്ചു
ന്യൂഡൽഹി: എസ് പി ജി ഡയറക്ടർ അരുൺ കുമാർ സിൻഹ (61) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിൽ ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 1987 ബാച്ച് കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ്.
2016 മുതൽ എസ് പി ജി ഡയറക്ടറായി സേവനമനുഷ്ടിക്കുകയാണ്. കഴിഞ്ഞ മേയിൽ അദ്ദേഹത്തിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സിൻഹ.
ജാർഖണ്ഡിലായിരുന്നു അരുൺ കുമാർ സിൻഹയുടെ വിദ്യാഭ്യാസം. തിരുവനന്തപുരം ഡി സി പി, കമ്മീഷണർ, ഇന്റലിജൻസ് ഐ ജി അടക്കമുള്ള സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും എതിരെ വന്ന ഇമെയിൽ വധഭീഷണിയിലടക്കം തെളിവ് കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.
ലോക്നാഥ് ബെഹ്റയ്ക്ക് ശേഷം കേരള ഡി ജി പിയായി അരുൺ കുമാർ സിൻഹയുടെ പേരും പരിഗണിച്ചിരുന്നു. എന്നാൽ കേന്ദ്ര സർവീസിലായിരുന്ന അദ്ദേഹം കേരളത്തിലേക്ക് മടങ്ങി വരാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരള പൊലീസിന്റെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്തങ്ങൾ മികവോടെ നിർവഹിച്ച ഉദ്യോഗസ്ഥനായിരുന്നു അരുൺകുമാർ സിൻഹയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.