കാസര്‍കോട്ടെത്തിയപ്പോള്‍ സ്ലീപ്പര്‍ കോച്ചിലെ യാത്രക്കാരനായിരുന്നു യുവാവിന്റെ പരാക്രമം : പാന്ട്രികാറിലേയ്ക്ക് ഓടിക്കയറി, വാഷ് ബേസിന് അടിച്ചു തകര്‍ത്തു .
കാസര്‍കോട്: കുര്‍ള നേത്രാവതി എക്സ്പ്രസില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, കാര്‍വാര്‍ സ്വദേശിയായ സൈമണി (38)നെയാണ് കണ്ണൂര്‍ ആര് പി എഫ് എസ് ഐ മനോജും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കുര്‍ള നേത്രാവതി എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചിലെ യാത്രക്കാരനായിരുന്നു സൈമണ്‍. ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോള്‍ അക്രമാസക്തനായ യുവാവ് പരാക്രമം കാണിക്കുകയും പാന്ട്രികാറിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. പിന്നീട് വാഷ് ബേസിന് അടിച്ചു തകര്‍ക്കുകയും അതിനു ശേഷം ശുചിമുറിയില്‍ കയറി അകത്തു നിന്നു കുറ്റിയിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ട്രെയിന്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ വാതില്‍ ബലം പ്രയോഗിച്ച് തുറന്നാണ് സൈമണിനെ അറസ്റ്റു ചെയ്തു. പ്രകോപനത്തിനും അക്രമത്തിനും ഇടയാക്കിയ കാരണം എന്താണെന്നു വ്യക്തമല്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.