കാസർകോട് : മഞ്ചേശ്വരം എസ് ഐ അനൂപിൻറെ കൈയെല്ല് അടിച്ചു തകര്‍ത്തെന്ന കേസിൽ തിങ്കളാഴ്ച വൈകിട്ട് 8 :30 മണിയാടോ കസ്റ്റഡിയിലെടുത്ത ജില്ലാ പഞ്ചായത് അംഗവും മുസ്ലിം ലീഗ് നേതാവുമായ ഗോള്‍ഡൻ റഹ്മാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്ത് പ്രതിഷേധം കണക്കിലെടുത്ത് റഹ്മാനെ കാസർകോട് ടൗൺ സ്റ്റേഷനിലേക്ക് മാറ്റിയതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത് .
പോലീസ് പറയുന്നത് ഇങ്ങനെ:
ഉപ്പള ഹിദായത്ത് നഗറില്‍ ഞായറാഴ്ച പുലര്‍ച്ചെ പട്രോളിംഗിനിടെയാണ് അഞ്ചംഗ സംഘം എസ്ഐയെ ആക്രമിച്ചത്. അക്രമത്തില്‍ എസ്ഐയുടെ കൈക്ക് പരിക്കേറ്റിരുന്നു. രാത്രി പട്രോളിങ്ങിനിടെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട് അന്വേഷിക്കാനെത്തിയ പൊലീസിന് നേരെയാണ് അക്രമമുണ്ടായത്.
ആളുകളോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് വാക്കു തര്‍ക്കവും സംഘര്‍ഷവുമുണ്ടായി. ഇതിനിടെ സംഘം പൊലീസിനെ അക്രമിക്കുകയായിരുന്നു. അക്രമത്തിന് ശേഷം സംഘം ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ഒരു കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിരുന്നു. അക്രമി സംഘത്തിലുണ്ടായിരുന്ന അഫ്സല്, റഷീദ്, സത്താര്‍ എന്നിവരെ നേരത്തെ പോലീസ് തിരിച്ചറിഞ്ഞു. പിന്നീടാണ് സംഘത്തിൽ ഗോൾഡൻ റഹ്മാൻ ഉണ്ടായിരുന്നു എന്ന് പോലീസ് തിരിച്ചറിയുന്നത്.എസ്ഐക്ക് ഇദ്ദേഹത്തെ അറിയില്ലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
ഗോൾഡൻ റഹ്മാൻ പറയുന്നത് ഇങ്ങനെ:
സംഭവം നടന്ന ദിവസം 12. മണിയോടെ ടര്‍ഫില്‍ ഫുട് ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂന്ന് പേരുമായി എസ് ഐ തര്‍ക്കിക്കുന്നത് കണ്ട് അടുത്ത് ചെന്നിരുന്നുവെന്നും കാര്യങ്ങള്‍ അന്വേഷിക്കുന്നതിനിടെ പ്രശ്നം വഷളാകുന്നത് കണ്ട് താന്‍ പെട്ടന്ന് അവിടെ നിന്നും പോകുകയാണ് ചെയ്തതെന്നും എസ്ഐയെ ആക്രമിച്ചുവെന്ന് പറയുന്നതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഗോള്‍ഡണ്‍ റഹ്മാൻ പറഞ്ഞു. ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട അസുഖം കാരണം താന്‍ മാസങ്ങളായി ചികിത്സയിലായിരുന്നുവെന്നും ഡോക്ടര്‍ വ്യായാമം ചെയ്യണമെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയിലെ ടര്‍ഫ് ഗ്രൗൻഡില്‍ രാത്രി കളിക്കാന്‍ പോയതൊന്നും ഗോള്‍ഡണ്‍ റഹ്മാൻ കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ കള്ള കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ ഒരു ജന പ്രതിനിധിക്കും പൊലീസുമായി സഹകരിക്കാൻ സാധിക്കില്ലെന്നും റഹ്മാൻ പറഞ്ഞു.
മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് ജില്ലാ സെക്രെട്ടറിയുമായ ഗോൾഡൻ റഹ്മാനെ മഞ്ചേശ്വരം പോലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തിരിക്കുകയാണ്.
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കുക എന്ന പഴയകാല സംബ്രദായമാണ് ഇന്നും മഞ്ചേശ്വരം പോലീസ് സ്റേഷനിലുള്ളത്.
കഴിഞ്ഞ ദിവസം ഉപ്പളയിൽ മഞ്ചേശ്വരം എസ്ഐ അനൂപുമായി ഉണ്ടായ സംഘർഷാവസ്ഥ പരിഹരിക്കാൻ ഇടപെട്ട സംഭവത്തിലാണ് റഹ്മാനെതിരെ മഞ്ചേശ്വരം പോലീസ് മുൻ വൈര്യാഗത്തിന്റെ മറവിൽ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തത്.
മഞ്ചേശ്വരം എസ്ഐ അനൂപിനെതിരെ നിരവധി പരാതികളാണ് സാധാരണക്കാർക്ക് പറയാനുള്ളത്.എന്നോട് നേരിട്ടും എന്റെ ഓഫീസിലും ഈ പോലീസ് ഉദ്യോഗസ്ഥൻ അകാരണമായി നടത്തുന്ന അതിക്രമങ്ങൾക്കും ഒട്ടും മാന്യത പുലർത്താതെയുള്ള തെറിയാഭീഷേകത്തെ കുറിച്ചുമുള്ള പരാതികൾ ഏറെയുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐക്കെതിരെ ഡിജിപിക്കും എസ്പിക്കും ഈ പോലീസ് ഉദ്യോഗസ്ഥന്റെ പൊതു ജനത്തിനോടുള്ള പെരുമാറ്റത്തിനെതിരെ പരാതി കൊടുത്തിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.വഴിയാത്രക്കാരോടും തട്ടുകടക്കാരോടും ഇയാൾ നടത്തുന്ന പരാക്രമത്തെ ചോദ്യം ചെയ്താൽ അവർക്ക് നേരെയും അതിക്രമത്തിന് മുതിരുന്ന ഈ പോലീസ് ഉദ്യോഗസ്ഥന്റെ നടപടികളിൽ നേരെത്തെ തന്നെ പല കോണുകളിൽ നിന്നും പ്രതിഷേധമുണ്ട്.
സംഘർഷാവസ്ഥയുണ്ടായപ്പൾ അത് ശമിപ്പിക്കാൻ ഇടപെട്ട ജില്ലാ പഞ്ചായത്ത് മെമ്പറെയാണ് പോലീസ് വ്യാജ പരാതിയുണ്ടാക്കി അറസ്റ്റ് ചെയ്തത്.ഈ അറസ്റ്റിനെ എന്ത് വില കൊടുത്തും രാഷ്ട്രീയമായും നിയമപരമായും നേരിടുക തന്നെ ചെയ്യും.
മുസ്ലിം യൂത്ത് ലീഗ് പ്രസ്താവന :
മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ റഹ്മാൻ ഗോൾഡൻ്റെ അറസ്റ്റ് യഥാർത്ഥ പ്രതികളെ പ്രതികളെ പിടിക്കാൻ കയ്യാത്തതിലുള്ള ജാള്യത മറച്ചുവെക്കാനാണ്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കുന്ന പൊലീസിൻ്റെ പഴഞ്ചൻ സമീപനം സാങ്കേതിക വിദ്യയുടെ സാധ്യതകൾ പുരോഗമിച്ച പുതിയ കാലത്ത് സേനക്ക് തന്നെ നാണക്കേടാണ്. പുത്തിഗെയിൽ പോലീസ് നടത്തിയ ഫർഹാസിൻ്റെ കൊലപാതകത്തിൻ്റെ ശ്രദ്ധയും സമരങ്ങളും വഴി തിരിച്ച് വിടാൻ കുടിയാണ് ഈ അറസ്റ്റ്. പൊതു പ്രവർത്തകരെ ഇത്തരം കള്ളക്കേസിൽ കുടുക്കുന്ന സമീപനം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിേക്കേണ്ടി വരുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകുന്നു.