ഓണം കൂടി മടങ്ങുന്ന പ്രവാസികൾ ഈ ദിവസം ടിക്കറ്റ് എടുക്കുന്നതിന് മുൻപൊന്ന് ആലോചിക്കുക, അഞ്ചിരട്ടി തുക നൽകേണ്ടി വരും
റിയാദ്: പ്രവാസികളെ കൊള്ളയടിക്കാനായി ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. ഓണം കൂടി ഗള്‍ഫിലേക്ക് തിരിക്കുന്ന പ്രവാസികളെ ലക്ഷ്യമിട്ട് അഞ്ചിരട്ടി വരെയാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. ബജറ്റ് എയര്‍ലൈനായ എയര്‍ഇന്ത്യ എക്സ്പ്രസില്‍ ഇന്ന് കേരളത്തില്‍ നിന്ന് ദുബായിലേക്ക് 25,000 മുതല്‍ 30,000 രൂപയാണ് ടിക്കറ്റിന്. അതേസമയം ദുബായില്‍ നിന്ന് കേരളത്തിലേക്ക് 6,000 രൂപയ്ക്കും ടിക്കറ്റുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും സമാനമായ സ്ഥിതിയാണ്.
ഈ മാസം 15 വരെ ഗള്‍ഫിലേക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ്. പ്രവാസി യാത്രക്കാര്‍ ഏറെയുള്ള സൗദി അറേബ്യ, യു.എ.ഇ സെക്ടറുകളിലാണ് നിരക്ക് വര്‍ദ്ധനവ് കൂടുതല്‍. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറവാണ്. അതിനാൽ ടിക്കറ്റ് നിരക്കിലും മാറ്റം പ്രകടമായിട്ടുണ്ട്.
കേരളത്തില്‍ നിന്ന് നാലംഗ കുടുംബത്തിന് ജിദ്ദയിലെത്താന്‍ ഒന്നര ലക്ഷത്തോളം രൂപ വേണം. എയര്‍ഇന്ത്യ എക്പ്രസില്‍ 31,000 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്. വിദേശ വിമാനങ്ങളില്‍ നിരക്ക് പിന്നെയും കൂടും. സീസണ് ആയതിനാല്‍ കണക്ടിംഗ് വിമാനങ്ങളിലും നിരക്കില്‍ കാര്യമായ വ്യത്യാസമില്ല. കൊച്ചിയില്‍ നിന്ന് റിയാദിലേക്ക് യാത്രാസമയം ആറ് മണിക്കൂറെങ്കില്‍ കണക്ടിംഗ് വിമാനങ്ങളില്‍ ഇത് പത്ത് മുതല്‍ 15 മണിക്കൂര്‍ വരെ നീളും. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് പ്രയാസകരമാവും എന്നതില്‍ കൂടിയ നിരക്ക് നല്കി നേരിട്ടുള്ള വിമാനങ്ങളില്‍ ടിക്കറ്റെടുക്കുകയാണ് പതിവ്.