പുതുപ്പള്ളി ജനവിധി നാളെ; ആരെന്നല്ല, എത്രയെന്ന് പ്രധാന ചോദ്യം
തിരുവനന്തപുരം ∙ നാളെ പുതുപ്പള്ളി എഴുതാൻ പോകുന്ന ജനവിധി സംബന്ധിച്ചു രാഷ്ട്രീയകേന്ദ്രങ്ങളിൽ വാതുവയ്പില്ല. ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. മികച്ച പ്രകടനമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. മാന്യമായ വോട്ട് വിഹിതം സമാഹരിക്കുകയെന്ന ലക്ഷ്യമാണു ബിജെപിക്ക്. ഫലം ലോക്സഭാ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കുമെന്നതിനാൽ ആരു വിജയിക്കും എന്നതിനെക്കാൾ ജയത്തിന്റെ മാർജിനാണ് കേരളം ഉറ്റുനോക്കുന്നത്.
ഉമ്മൻ ചാണ്ടി – പുതുപ്പള്ളി രസതന്ത്രംതന്നെയാകും ജനവിധി രചിക്കുകയെന്നു യുഡിഎഫ് കരുതുന്നു. സമാനതകളില്ലാത്ത യാത്രയയപ്പാണു കേരളവും പുതുപ്പള്ളിയും അദ്ദേഹത്തിനു നൽകിയത്. പോളിങ് ബൂത്തിലേക്കു നീങ്ങുന്ന പുതുപ്പള്ളിക്കാരുടെ മനസ്സിലും ആ വികാരമാകുമെന്ന് യുഡിഎഫ് ഉറപ്പിക്കുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫിനായി പട നയിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ എ.കെ.ആന്റണിയും ശശി തരൂരും യുഡിഎഫിനുവേണ്ടി ആവേശംനിറച്ചു. പതിവുരീതി വിട്ട് അൽപം ആക്രമണ സ്വഭാവത്തോടെ സംസാരിച്ച ആന്റണി, ഉമ്മൻ ചാണ്ടിയെന്ന വികാരത്തെയും ഓർമയെയും കൂടുതൽ സജീവമാക്കി. അപസ്വരത്തിന് ഇട കൊടുക്കാതെ കോൺഗ്രസ് നേതൃനിര ഒത്തൊരുമയോടെ ചാണ്ടി ഉമ്മനു വേണ്ടി വോട്ടു തേടി
ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്നു ചില പ്രവചനങ്ങളുണ്ടായെങ്കിലും യുഡിഎഫ് അമിത ആവേശത്തിനില്ല. 8 പഞ്ചായത്തുകളിലായി അവർ നടത്തിയ സാംപിൾ സർവേയിൽ ലഭിച്ച കണക്കുകളും ആശാവഹമായിരുന്നു. 70 ശതമാനത്തോളം പേർ അനുകൂലമായി പ്രതികരിച്ചെന്നാണ് അവർ പറയുന്നത്. 30,000–35,000 ഭൂരിപക്ഷമെങ്കിലും യുഡിഎഫ് പ്രതീക്ഷിക്കുന്നു.
വികസന വാഗ്ദാനങ്ങളിൽ ഊന്നിയായിരുന്നു എൽഡിഎഫ് പ്രചാരണം. സംഘടനാശക്തിയും മുന്നണി വിപുലീകരണവും സ്ഥാനാർഥി ജെയ്ക് സി.തോമസിന്റെ ഊർജസ്വലതയും മുന്നേറ്റം നൽകുമെന്ന് അവർ കണക്കുകൂട്ടുന്നു.
1.76 ലക്ഷം വോട്ടർമാരിൽ 1.35–1.40 ലക്ഷം പേർ വോട്ടു ചെയ്യുമെന്നാണ് ഇരുമുന്നണികളും കരുതുന്നത്. ഇളകാത്ത എൽഡിഎഫ് വോട്ടുകൾ 45,000 ഉണ്ടെന്നു സിപിഎം നേതാക്കൾ കണക്കാക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് 54,000 കടന്നെങ്കിൽ 2011ൽ 36,667 ആയി താഴ്ന്ന അനുഭവം പാർട്ടിക്കു മുന്നിലുണ്ട്. ഇത്തവണ അടിസ്ഥാന വോട്ടുകൾ ചോരാതെ ഉറപ്പിക്കാനാണു സിപിഎം ശ്രമം. ബിജെപി, ആം ആദ്മി പാർട്ടി സ്ഥാനാർഥികളടക്കം മറ്റെല്ലാവരും കൂടി 15,000–18,000 വോട്ടിൽ കൂടുതൽ സമാഹരിക്കുമെന്നു മുന്നണികൾ കരുതുന്നില്ല.
8നു പുറത്തുവരുന്ന ഫലത്തിനായി നിയമസഭയും കാത്തിരിക്കുന്നു. 11നു സഭാസമ്മേളനം ആരംഭിക്കുന്നതിനാൽ പുതുപ്പള്ളിയുടെ പുതിയ ജനപ്രതിനിധിക്ക് ഉടൻതന്നെ സത്യപ്രതിജ്ഞ ചെയ്തു നിയമസഭയുടെ ഭാഗമാകാം.