നാട്ടുകാരുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു, പക്ഷേ ഞങ്ങൾ തരില്ല: തീരുമാനത്തിൽ മാറ്റമില്ലെന്ന് പെട്രോൾ പമ്പ് ജീവനക്കാർ
മണ്ണാർക്കാട്: പെട്രോൾ പമ്പുകളിൽ നിന്ന് കുപ്പികളിൽ ഇന്ധനം നൽകാൻ പാടില്ലെന്ന നിർദേശം സാധാരണക്കാർക്ക് പ്രായോഗിക ബുദ്ധിമുട്ടാകുന്നു. കുപ്പികളിൽ പെട്രോൾ വാങ്ങി കൊണ്ടുപോയി സ്ത്രീകളെ ആക്രമിച്ച സംഭവങ്ങൾ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായതിനെ തുടർന്നാണ് ഇത്തരത്തിൽ വിലക്ക് വന്നത്.
ഇതുകാരണം ഇരുചക്ര യാത്രികരായ സാധാരണക്കാരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. ചില അവിചാരിത സാഹചര്യങ്ങളിൽ പെട്രോൾ തീർന്ന് പെരുവഴിയിലാകുന്ന യാത്രികർ ഇതുമൂലം വലിയ പ്രയാസം നേരിടുന്നു. മുൻകാലങ്ങളിൽ ചെറിയ കുപ്പിയിലോ മറ്റോ പെട്രോൾ വാങ്ങി കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാമായിരുന്നു. എന്നാൽ, വിലക്ക് കാരണം ഇത് നടക്കുന്നില്ല. വണ്ടി തള്ളിയോ വലിയ വാഹനങ്ങളിൽ കയറ്റിയോ പമ്പിലെത്തേണ്ട സാഹചര്യമാണുള്ളത്.എവിടെയെങ്കിലും ഒന്നോ രണ്ടോ അനിഷ്ട സംഭവമുണ്ടായെന്ന് കരുതി സംസ്ഥാനമാകെ ഇത്തരത്തിൽ വിലക്ക് നടപ്പാക്കുന്നതിലെ പ്രായോഗികതയാണ് സാധാരണക്കാർ ചോദ്യം ചെയ്യുന്നത്. ഇത് പമ്പ് ജീവനക്കാരുമായി വാക്കുതർക്കത്തിനും ഇടനൽകുന്നു.
പമ്പുകാർ പറയുന്നത്
കുപ്പികളിൽ പെട്രോൾ നൽകരുതെന്ന പൊലീസിന്റെ കർശന നിർദേശം നിലവിലുണ്ട്. ഉത്തരവ് പാലിക്കണമെന്ന് ഇന്ധന കമ്പനികളും നിർദേശിച്ചിട്ടുണ്ട്. സി.സി.ടി.വി ഉൾപ്പെടെയുള്ള സംവിധാനമുപയോഗിച്ച് കർശന പരിശോധന നടക്കുന്നുണ്ട്. ദിവസേന നിരവധി പേരാണ് കുപ്പിയുമായി വന്ന് ഇന്ധനം ചോദിക്കുന്നത്. നാട്ടുകാരുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു. പക്ഷേ, ഉത്തരവ് പാലിക്കേണ്ടതിനിൽ പമ്പുകാർ നിസഹായരാണ്.