കാസർകോട് : അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാസ് കാറപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കാര്‍ അപകടം നടന്ന കളത്തൂര്‍ പള്ളത്തു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ട സ്ഥലവും പൊലീസിനെ കണ്ട് ഭയന്നോടിയ പ്രദേശങ്ങളും സന്ദര്‍ശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദ് ഫര്‍ഹാസിന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും മൊഴി എടുക്കും.
ഇതിനിടയില്‍ ഫര്‍ഹാസിന്റെ അപകടമരണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്കി. മാതാവ് സഫിയയാണ് ജില്ലാ പൊലീസ് മോധാവിക്കും ഡിവൈ എസ് പിക്കും പരാതി നല്‍കിയത്. ഗുരുതരമായി പരിക്കറ്റ ഫര്‍ഹാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് നല്കിയ പരാതിയില്‍ നടപടികള്‍ ഉണ്ടായില്ലെന്നു അപകട സാധ്യതയുള്ള സ്ഥലത്താണ് പൊലീസ് വാഹന പരിശോധന നടത്തിയതെന്നും പരാതിയില്‍ പറഞ്ഞു.മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ കുമ്പള എസ് ഐ രജിത്തിനെയും സിവില്‍ പൊലീസുകാരായ രഞ്ജിത്ത്, ദീപു എന്നിവരെയും സ്ഥലം മാറ്റി. മൂന്നു പേരെയും കാഞ്ഞങ്ങാട് പൊലീസ് കണ്ട്രോള് റൂമിലേയ്ക്കാണ് സ്ഥലം മാറ്റിയത്. ദീപുവും രഞ്ജിത്തും കഴിഞ്ഞ ദിവസം തന്നെ വിടുതല്‍ വാങ്ങി. എന്നാല്‍ എസ് ഐ രജിത്ത് അവധിയിലായതിനാല്‍ കുമ്പളയില്‍ നിന്നു വിടുതല്‍ വാങ്ങിയിട്ടില്ല. പൊലീസുകാര്‍ക്കെതിരെ ഉണ്ടായ നടപടിക്കെതിരെ പൊലീസ് സേനയ്ക്കിടയില്‍ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നീതി എന്നുള്ളത് പോലീസുകാർക്ക് വേണമെന്നും പോലീസ് കാർക്കെതിരെ ഉണ്ടായ നടപടി അങ്ങേയറ്റം പ്രതിഷേധം ഉളവാക്കുന്നതാണെന്നും പോലീസിൽ മുറുമുറുപ്പുണ്ട്.