പാലക്കാട് മുങ്ങി മരിച്ച മൂന്ന് സഹോദരിമാരുടെ പോസ്റ്റ്മോർട്ടം ഇന്ന്
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ മുങ്ങി മരിച്ച മൂന്ന് സഹോദരിമാരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക. ഭീമനാട്ടെ കുടുംബവീട്ടിൽ ഇവരുടെ മൃതദേഹങ്ങൾ പൊതു ദർശനത്തിന് വെക്കും. അക്കര വീട്ടിൽ റഷീദിന്റെ മക്കളായ റിൻഷി (18), നിഷിത (26), റമീഷ (23) എന്നിവരാണ് ഇന്നലെ ഭീമനാട് പെരുങ്കുളത്തിൽ മുങ്ങിമരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ആയിരുന്നു അപകടം. കൂട്ടത്തിലുണ്ടായിരുന്ന ഒരു സഹോദരി മുങ്ങുകയും രക്ഷിക്കാൻ ഇറങ്ങിയ മറ്റു രണ്ടുപേരും അപകടത്തിൽ പെടുകയായിരുന്നു. ബഹളം കേട്ടു ഓടി എത്തിയ നാട്ടുകാരാണ് ഇവരെ കരയ്ക്കെത്തിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.