പാലക്കാട് മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു; അപകടം കുളത്തിൽ കുളിക്കാനിറങ്ങവേ
പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവതികൾ മുങ്ങിമരിച്ചു. മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്തിലാണ് അപകടമുണ്ടായത്. മരിച്ച മൂന്നുപേരും സഹോദരങ്ങളാണ്. ഭീമനാട് സ്വദേശിനികളായ റംഷീന (23), നാഷിദ(26), റിൻഷി(18) എന്നിവരാണ് മരിച്ചത്. പിതാവിന്റെ കൺമുന്നിൽ വച്ചാണ് ഇവർ കുളത്തിലേയ്ക്ക് മുങ്ങി താഴ്ന്നത്.
റംഷീനയും നാഷിദയും ഓണാവധിയായതിനാൽ വീട്ടിൽ എത്തിയതാണ്. ഒരാൾ വെള്ളത്തിൽ വീണപ്പോൾ മറ്റ് രണ്ടുപേർ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതോടെ മൂന്നുപേരും കുളത്തിൽ അകപ്പെട്ടു എന്നാണ് കരുതുന്നത്. നാട്ടുകാർ ചേർന്ന് ഇവരെ പുറത്തെടുത്ത് മണ്ണാർകാടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.