മദ്യപാനത്തിനിടെ തര്‍ക്കവും കത്തിക്കുത്തും; കോട്ടയത്ത് 23കാരന് കൊല്ലപ്പെട്ടു
കോട്ടയം നീണ്ടൂരിൽ യുവാവ് കുത്തേറ്റു മരിച്ചു. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ്(23) മരിച്ചത്. മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് വിശദീകരിക്കുന്നു. അശ്വിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും സംഘട്ടനത്തിൽ കുത്തേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി 10 മണിയോടെയാണ് കോട്ടയം നീണ്ടൂർ ഓണംതുരുത്ത് കവലയിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ അശ്വിനെയും അനന്തുവിനെയും ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും അശ്വിൻ വഴിമധ്യേ മരിക്കുകയായിരുന്നു. അനന്തു ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ അഞ്ച് പേര് കസ്റ്റഡിയിലായെന്നാണ് സൂചന.