‘പ്രധാനമന്ത്രിയുടെ ഓണസമ്മാനം’; ഗാർഹിക സിലിണ്ടറിന്റെ വില കുറച്ചത് ഇന്ന് പ്രാബല്യത്തിൽ, കേരളത്തിൽ ലഭിക്കുക ഈ തുകയ്ക്ക്
ന്യൂഡൽഹി: ഗാർഹികാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്ക് കേന്ദ്ര സർക്കാർ വിലക്കുറച്ചത് ഇന്ന് പ്രാബല്യത്തിൽ വരും. 200 രൂപ സബ്സിഡി നൽകാനായിരുന്നു ഇന്നലെ ചേർന്ന ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായത്. ഇതോടെ സംസ്ഥാനത്ത് സിലിണ്ടർ വില 910 രൂപയായിരിക്കുകയാണ്. കൊച്ചിയിൽ 910 രൂപയും തിരുവനന്തപുരത്ത് 912 രൂപയുമാണ് ഇന്നുമുതൽ സിലിണ്ടറിന്റെ വില. ഡൽഹിയിൽ 1103 രൂപയിൽ നിന്ന് 903 രൂപയായി കുറഞ്ഞു.
‘പ്രധാനമന്ത്രി ഉജ്വല’ സ്കീമിൽ ഉള്ളവർക്ക് നേരത്തെ ലഭ്യമായിരുന്ന 200 രൂപയുടെ കുറവിന് പുറമേ ഇന്നലെ പ്രഖ്യാപിച്ച 200 രൂപയുടെ ഇളവും പാചകവാതക വിലയിൽ ലഭ്യമാകും. ഇതോടെ ഇവർക്ക് 710 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും.
പ്രധാനമന്ത്രി ഉജ്വൽ യോജന സ്കീം പ്രകാരം പുതിയ 75 ലക്ഷം ഗ്യാസ് കണക്ഷനുകൾ നൽകാൻ തീരുമാനിച്ചതായും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ-ഓണം സമ്മാനമാണ് ഈ ഇളവെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ സഹോദരിമാരുടെ ക്ഷേമത്തിനായുള്ള വലിയ പ്രഖ്യാപനം എന്നും വിലക്കുറവിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.