അമിത വേഗതയിലെത്തിയ കാർ മതിൽ ഇടിച്ചു തലകീഴായി മറിഞ്ഞതോടെ മുൻ സീറ്റിൽ ഇരുന്ന ഫർഹാസിന് ഗുരുതരമായി പരിക്കേറ്റു, ഒടുവിൽ മരണവും.
കാസർകോട്: പൊലീസ് പിന്തുടർന്ന കാർ അപകടത്തില്‍പെട്ട് വിദ്യാർഥി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ്. പൊലീസ് കിലോമീറ്ററുകളോളം വിദ്യാർഥികൾ സഞ്ചരിച്ച കാർ ചെയ്സ് ചെയ്തു. ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.
മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് കുറ്റക്കാരായ പൊലീസുകാരെ സസ്പെന്റ് ചെയ്യണം. നേരത്തെയും കാസർകോട്ടെ പൊലീസുകാർക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടെന്ന് എകെഎം അഷ്റഫ് എംഎൽഎയും ആവശ്യപ്പെട്ടു.
പേരാൽ കണ്ണുർ കുന്നിലിലെ അബ്ദുല്ലയുടെ മകൻ ഫർഹാസ് (17) ആണ് മരിച്ചത്. അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആയിരുന്നു അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം മടങ്ങിയ വിദ്യാർഥികളുടെ കാർ കുമ്പള പൊലീസ് പരിശോധനക്കായി നിർത്തിച്ചെങ്കിലും പരിഭ്രാന്തരായ വിദ്യാർഥികൾ കാർ നിർത്താതെ പോകുകയായിരുന്നു. തുടർന്നാണ് പൊലീസ് വാഹനം കാറിനെ പിന്തുടരുന്നത്. അമിത വേഗതയിലെത്തിയ കാർ മതിൽ ഇടിച്ചു തലകീഴായി മറിഞ്ഞതോടെ മുൻ സീറ്റിൽ ഇരുന്ന ഫർഹാസിന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് പൊലീസ് വാഹനത്തിലാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്.