തളങ്കരയിൽ അധ്യാപകരുടെ ബൈകുകൾ കത്തിച്ച സംഭവം:വയോധികൻ അറസ്റ്റിൽ
തളങ്കര: സ്കൂൾ അധ്യാപകരുടെ ബൈകുകൾ കത്തിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വി പി സൈതലവി (58) ആണ് പിടിയിലായത്. ചിട്ടി നടത്തിപ്പിലൂടെ വി പി സൈതലവിക്ക് അരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നതായും അതിന്റെ വിഷമത്തിൽ ആയിരുന്നു ഇയാളെന്നും അതിനെ തുടർന്നാണ് ബൈകുകൾക്ക് തീവച്ചതെന്നും പൊലീസ് പറയുന്നു. അതേസമയം അധ്യാപകരുമായി വി പി സൈതലവിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും മൂന്ന് ദിവസം മുമ്പാണ് ഇയാൾ കാസർകോട് ഭാഗത്തേക്ക് വന്നതെന്നും പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച പുലർചെയാണ് തളങ്കര പള്ളിക്കാലിലെ അമലു സ്വാലിഹിയ്യ മസ്ജിദ് വളപ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈകുകൾ കത്തിച്ചത്. മസ്ജിദിന്റെ വാടക ക്വാർടേഴ്സിൽ താമസിക്കുന്ന മലപ്പുറം പുളിക്കൽ കൊടികുത്തിപ്പറമ്പ് സ്വദേശിയും ചെമ്മനാട് ജമാഅത് ഹയർ സെകൻഡറി സ്കൂളിലെ അധ്യാപകനുമായ യു നജ്മുദ്ദീന്റെ കെ എൽ 60 എഫ് 1887 നമ്പർ പൾസർ ബൈകും മേൽപറമ്പ് ഗവ. ഹയർ സെകൻഡറി സ്കൂളിലെ അധ്യാപകനായ മലപ്പുറം വലിയോറ ആശാരിപ്പടിയിലെ മുഹമ്മദ് സാജിദ് കല്ലന്റെ കെ എൽ 10 ഡബ്ള്യു 6612 ഹീറോ ഹോൻഡ ബൈകുമാണ് കത്തിനശിച്ചത്.
ഓണാവധിക്ക് അധ്യാപകർ നാട്ടിൽ പോയ സമയത്താണ് സംഭവം നടന്നത്. തിങ്കളാഴ്ച പുലർചെ 3.30 മണിയോടെ വഴിയാത്രക്കാരാണ് ബൈകിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. മസ്ജിദ് സെക്രടറി സുബൈർ പള്ളിക്കാലിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് ഊർജിത അന്വേഷണമാണ് നടത്തിയത്. അതിനിടെ മസ്ജിദിലെ സിസിടിവി പരിശോധിച്ചപ്പോൾ അസ്വാഭാവികമായ നിലയിൽ സൈതലവിയുടെ ദൃശ്യം പതിഞ്ഞത് നിർണായകമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് താൻ തീവച്ചതാണെന്ന് ഇയാൾ മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് ഇൻസ്പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ എസ്ഐ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വി പി സൈതലവിയെ അക്രമം നടന്ന മസ്ജിദ് പരിസരത്ത് എത്തിച്ച് തെളിവെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. സമീപത്ത് നിന്ന് ബൈക് കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും കണ്ടെത്തിയിട്ടുണ്ട്.