ബെംഗളൂരുവിൽ നിന്ന് വാങ്ങി, ബസിൽ കേരളത്തിലേക്ക് കടത്തി; 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊച്ചി: എറണാകുളം അങ്കമാലിയില്‍ ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 27 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഇതിന് പുറമേ കഞ്ചാവും ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഓണക്കാലത്തെ കര്‍ശന നിരീക്ഷണത്തിനിടെയാണ് അങ്കമാലിയില്‍ എക്സൈസ് സംഘത്തിന് യുവാവ് മയക്കുമരുന്നുമായി വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തി. ഹരികൃഷ്ണനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതിന് പിന്നാലെ പരിശോധന തുടങ്ങി.
ഒടുവില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും എക്സൈസ് സംഘം പ്രതിയെ പിടികൂടി. പരിശോധനയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തത് ഇരുപത്തിഏഴര ഗ്രാം എംഡിഎംഎയാണ്. സംശയം തോന്നി വിശദമായി വീണ്ടും പരിശോധിച്ചപ്പോള്‍ പത്ത് ഗ്രാം കഞ്ചാവും കണ്ടെടുത്തു. ബെംഗളൂരുവില്‍ നിന്നാണ് പ്രതി ബസില്‍ എംഡിഎംഎയും കഞ്ചാവും നാട്ടില്‍ എത്തിച്ചതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ബി സിജോ വര്‍ഗീസ് അറിയിച്ചു. ഹരികൃഷ്ണനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.