നാടാകെ ആഘോഷ ലഹരിയിൽ, പൊന്നിൻ തിരുവോണത്തെ വരവേറ്റ് മലയാളികൾ
തിരുവനന്തപുരം: തിരുവോണം… ഒത്തൊരുമയുടെ നിലാവ് പകരുന്ന പൊന്നോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ. മൂന്നു വർഷമായി മാസ്ക്കിട്ട മുഖവുമായി ഓണംകൊണ്ട മലയാളി ഇത്തവണ മറയില്ലാതെ നിറചിരിയോടെയാണ് ഓണത്തെ വരവേറ്റത്. കഴിഞ്ഞ ഓണനാളുകളിൽ മഴയും മഴക്കാറുമായിരുന്നു. എന്നാലിപ്പോൾ തെളിഞ്ഞ ആകാശം. പക്ഷേ ചൂട്മു അല്പം കൂടുതലാണെന്ന് മാത്രം. മുൻ വർഷങ്ങളിൽ നാട്ടിലെത്താനാവാത്ത പ്രവാസികളും ഇക്കുറി എത്തി. മൂന്നു വർഷത്തെ കുറവുകൾ തീർത്തുള്ള ആഘോഷങ്ങളാണ് എവിടെയും.
കർഷകർക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. കൃഷിയും കാർഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങൾക്ക് പൊലിമ കുറവില്ല. അത്തം നാളിൽ തുടങ്ങിയ ഒരുക്കങ്ങൾ തിരുവോണനാളായ ഇന്നാണ് പൂർണതയിലെത്തിയത്.
കേരളത്തിലെ ഏക വാമനമൂർത്തി ക്ഷേത്രമായ തൃക്കാക്കര ക്ഷേത്രത്തിൽ തിരുവോണ മഹോത്സവം നടക്കുകയാണ്. രാവിലെ ഏഴരക്കാണ് മഹാബലി എതിരേൽപ്പ് ചടങ്ങ് നടന്നത്. തൃക്കാക്കരയിൽ വച്ചാണ് മഹാബലിക്ക് വാമനൻ മോക്ഷം നൽകിയതെന്നാണ് വിശ്വാസം.