പൊന്നാനിയില്‍ കെഎം ഷാജിയെ പരിഗണിക്കുന്നതിന് കാരണം പലത്; സുപ്രധാന തീരുമാനം വൈകാതെ
മലപ്പുറം: മുസ്ലിം ലീഗ് ദേശീയ എക്സിക്യുട്ടീവ് യോഗം മലപ്പുറത്ത് ആരംഭിച്ചതോടെ പൊന്നാനി ലോക്സഭാ മണ്ഡലം ചര്‍ച്ചയാകുമെന്ന പ്രതീക്ഷയില്‍ അണികള്‍. ഇടി മുഹമ്മദ് ബഷീറിന് പകരം പൊന്നാനിയില്‍ സംസ്ഥാന സെക്രട്ടറി കെഎം ഷാജി സ്ഥാനാര്‍ഥിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനൗപചാരിക ചര്‍ച്ചകള്‍ നേരത്തെ നടന്നുവെങ്കിലും പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ദേശീയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും വരുമെന്ന് ഉറപ്പാണ്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന കേരളത്തിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് പൊന്നാനി. സിപിഎമ്മിന് സ്വാധീനം വര്‍ധിച്ചുവരുന്ന മണ്ഡലത്തില്‍ കെഎം ഷാജിയെ പോലുള്ള നേതാക്കള്‍ സ്ഥാനാര്‍ഥിയായാല്‍ മല്‍സരം കടുക്കും.
മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വരുന്ന തിരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനി മല്‍സരിക്കാന്‍ സാധ്യത കുറവാണ്. പകരം ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനി വിട്ട് മലപ്പുറത്തേക്ക് എത്തിയേക്കും. ഇടി ബഷീറിനും ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ട്. പൊന്നാനിയേക്കാള്‍ സുരക്ഷിതമായ മണ്ഡലമാണ് മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം മലപ്പുറം. ഇടി മാറിയാല്‍ പകരം ആര് എന്ന ചോദ്യമാണ് ഷാജിയിലെത്തി നില്‍ക്കുന്നത്.
കെഎം ഷാജിയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം പൊന്നാനിയില്‍ അദ്ദേഹം മല്‍സരിക്കാനുള്ള സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാകും ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുക എന്ന് അവര്‍ സൂചിപ്പിക്കുന്നു. അതേസമയം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ കെഎം ഷാജി മല്‍സരിക്കണം എന്ന വികാരവും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കുണ്ട്.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ ജയിച്ച വ്യക്തിയാണ് കെഎം ഷാജി. മൂന്നാമൂഴത്തില്‍ തോറ്റ അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പദവിയാണ് ഇപ്പോള്‍ അലങ്കരിക്കുന്നത്. പാര്‍ട്ടി പൊതുവേദികളില്‍ പ്രവര്‍ത്തകര്‍ ആവേശപൂര്‍വം കേള്‍ക്കാനെത്തുന്ന വാക്കുകളാണ് ഷാജിയുടെത്. സിപിഎമ്മിനെതിരെ ശക്തമായ രീതിയില്‍ ആഞ്ഞടിക്കുമെന്നതാണ് മറ്റു ലീഗ് നേതാക്കളില്‍ നിന്ന് ഷാജിയെ വ്യത്യസ്തനാക്കുന്നത്.
മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത കോഴിക്കോട്ടെ സമ്മേളനത്തില്‍ ഷാജിയുടെ വാക്കുകള്‍ക്ക് ലഭിച്ച കൈയ്യടി മുസ്ലിം ലീഗ് നേതൃത്വത്തിന് ഒരേ സമയം ആശങ്കയും ആനന്ദവും നല്‍കുന്നതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഷാജിയുടെ പ്രസംഗങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യതയും നേതൃത്വം മനസിലാക്കുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ച് ഷാജിയുടെ തട്ടകം ഡല്‍ഹിയിലേക്ക് മാറ്റുന്നതിന് പിന്നില്‍ മറ്റു ചില അജണ്ടകളുണ്ടോ എന്ന സംശയം പ്രകടിപ്പിക്കുന്നുവരുമുണ്ട്.