അംഗഡിമുഗർ സ്കൂൾ വിദ്യാർത്ഥിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സംഭവം; കാരണക്കാരായ പോലീസുകാർക്കെതിരെ നരഹത്യക്ക് കേസെടുക്കണം: എം.എസ്.എഫ്
കാസർകോട്: ഓണാഘോഷത്തിന്റെ ഭാഗമായി കാറിലെത്തിയ ജി.എച്ച്.എസ്.എസ് അംഗടിമുഗർ സ്കൂളിലെ വിദ്യാർത്ഥികളെ കുമ്പള പോലീസ് പിന്തുടർന്നതിന്റെ കാരണത്താൽ വെപ്രാളത്തിൽ വിദ്യാർത്ഥികളുടെ കാർ പുത്തിഗെ പള്ളത്ത് വെച്ച് തലകീഴായി മറിയുകയും അംഗഡിമുഗർ സ്കൂളിലെ പ്ലസ്ടൂ വിദ്യാർത്ഥി പേരാൽ കണ്ണൂരിലെ ഫർഹാസിനെ ഗുരുതര പരുക്കോടെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവം പോലീസ് മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് താഹാ ചേരൂർ, സവാദ് അംഗടിമുഗർ .
ഖത്തീബ് നഗറിൽ വെച്ച് പോലീസ് വാഹനത്തെ തടഞ്ഞു കാറിന്റെ ഡോറിലേക്ക് ആഞ്ഞു ചവിട്ടിയപ്പോഴാണ് മർദ്ധനം ഭയന്ന് വിദ്യാർത്ഥികൾ വണ്ടിയോടിച്ചത്.
അനിയന്ത്രിതമായ വേഗത്തിൽ പോലീസും പിന്തുടർന്നതോടെയാണ് വാഹനത്തിന്റെ നിയന്ത്രണം വിട്ട് കാർ തലകീഴായി മറിഞ്ഞത്.
കാറിന്റെ നമ്പർ വെച്ചു പിന്നീട് വാഹനത്തെ കസ്റ്റഡിയിൽ എടുക്കാൻ സാധ്യമായിട്ടും പോലീസ് അതി വേഗത്തിൽ ഓടിച്ചു പുന്തുടർന്നത് മൂലമാണ് ഒരു കുട്ടിയുടെ ജീവൻ പോലും അപകടത്തിലാക്കിയത്. സംഭവസ്ഥലത്ത് നിന്ന് തന്നെ വിദ്യാർത്ഥികളെ മർദ്ധിച്ചതും ശരിയായ നടപടിയല്ല.ബോധം നഷ്ടപ്പെട്ട വിദ്യാത്ഥിയെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, അടിയന്തിരമായി മംഗലാപുരം ഫസ്റ്റ് ന്യൂറോയിൽ എത്തിക്കാനും നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തിച്ച പോലീസ് കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്നും കുട്ടി കോമയിലാണെന്നും അറിഞ്ഞപ്പോൾ കൈയൊഴിഞ്ഞ് തിരിച്ച് പോയതും കേരളാ പോലീസിന്റെ നാണം കെട്ട പ്രവൃത്തിയാണെന്നും എം.എസ്.എഫ് ആരോപിക്കുന്നു.
ഇത്തരം തരം താണ രീതിയിൽ വിദ്യാർത്ഥികളോട് പെരുമാറുന്നത് പോലീസിന്റെ പതിവായ ശൈലിയാണ്.
സംഭവത്തിന് പിന്നിലുണ്ടായ പോലീസുകാർക്കെതിരെ നടപടി എടുക്കുന്നത് വരെ എം.എസ്.എഫ് പ്രക്ഷോഭത്തിലുണ്ടാവുമെന്നും ഭാരവാഹികൾ അറിയിച്ചു.