വിലക്കയറ്റത്തില്‍ വലഞ്ഞ് ജനം, സബ്സിഡി ഭക്ഷ്യസാധനങ്ങള്‍ സപ്ലൈക്കോയില്‍ കിട്ടാക്കനി
തിരുവനന്തപുരം : സബ്സിഡിയുള്ള ഭക്ഷ്യസാധനങ്ങള്‍ക്ക് സപ്ലൈക്കോ മാര്‍ക്കറ്റുകളില്‍ ക്ഷാമം. എട്ട് വര്‍ഷമായി വിലകൂടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം നിലനില്‍ക്കെയാണ് സപ്ലൈക്കോ വിപണിയിലെ പ്രതിസന്ധി. സബ്സിഡിയുള്ള 13 ഇനങ്ങളില്‍ പകുതി സാധനങ്ങളും പല സപ്ലൈക്കോ മാര്‍ക്കറ്റുകളിലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കൊച്ചിയിലെ സപ്ലൈക്കോ ഔട്ട് ലെറ്റില്‍ 13 ഇനങ്ങളില്‍ അരിയും ഉഴുന്നും ഉണ്ട്. ചെറുപയര്‍, വന്‍ പയര്‍, കടല, തുവരപ്പരിപ്പ്, പഞ്ചസാര, മുളക്, മല്ലി അടക്കമുള്ളത് കിട്ടാനില്ല. ഉഴുന്ന് മാത്രം കഴിച്ച് ജീവിക്കാനാകുമോ എന്നാണ് കൊച്ചിയിലെ സപ്ലൈക്കോയിലെത്തിയ വീട്ടമ്മയുടെ ചോദ്യം.
പൊതുവിപണിയില്‍ അരിക്കും പച്ചക്കറികള്‍ക്കുമെല്ലാം തൊട്ടാല്‍ പൊളളുന്ന വിലയാണ്. തക്കാളിയടക്കം പച്ചക്കറികളുടെ വില അല്‍പ്പം പോലും കുറഞ്ഞിട്ടില്ല. ഓണത്തോട് അടുത്തതോടെ അരിവിലയും കുതിച്ചുയരുന്നു. ആന്ധ്രയുള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കേരളത്തിലെ മൊത്ത വിപണിയില്‍ അരിയുടെ വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കുന്നത് സബ്സിഡി സാധനങ്ങള്‍ ലഭിക്കുന്ന സപ്ലൈക്കോയാണ്. ഇന്നലെ,സബ്സിഡി പട്ടികയില്‍ ഉള്‍പ്പെട്ട 13 ഇനങ്ങള്‍ക്ക് എട്ട് വര്‍ഷമായി വിലകൂടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഈ സാധനങ്ങള്‍ സപ്ലൈക്കോയില്‍ കിട്ടാനുണ്ടോ എന്നതാണ് ചോദ്യം. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടുന്നെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സപ്ലൈക്കോ വിപണിയില്‍ സാധനങ്ങളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ പുറത്തെ കടകളില്‍ നിന്നും ഉയര്‍ന്ന വില കൊടുത്ത് സാധനങ്ങള്‍ വാങ്ങേണ്ട സാചര്യമാണ് സാധാരണക്കാര്‍ നേരിടുന്നത്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ല. മുളകിന് മൂന്നിരട്ടിയിലേറെയാണ് പുറത്തെ വില.ഓണം മുന്നില്‍ നില്‍ക്കെ വലിയ തിരക്കാണ് സപ്ലൈക്കോ വിപണിയില്‍ പ്രതീക്ഷിക്കുന്നത്. വിലക്കയറ്റത്തില്‍ ആശ്വാസം തേടി എത്തുന്നവര്‍ക്ക് സാധനങ്ങള്‍ നല്കാന് കഴിയുമോ എന്നതിലും പ്രതിസന്ധി നിലനില്‍ക്കുകയാണ്. ടെന്‍ഡര്‍ നടപടികളില്‍ ഉയര്‍ന്ന വില പറയുന്നതും സാധനങ്ങള്‍ വാങ്ങുന്നതില്‍ സപ്ലൈക്കോക്ക് പ്രതിസന്ധി തീര്‍ക്കുന്നു. പഞ്ചസാരക്ക് അടക്കം കരാറുകാര്‍ ആവശ്യപ്പെടുന്നത് ഉയര്‍ന്ന നിരക്കാണ്. വലിയ നിരക്കില്‍ സാധനങ്ങള്‍ വാങ്ങി സബ്സിഡി നിരക്കില്‍ നല്‍കുന്നത് കൊണ്ട് ഇത്തവണ മാത്രം ബാധ്യത 40 കോടിയാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. മൂവായിരം കോടി രൂപയുടെ കുടിശ്ശിക സര്‍ക്കാര്‍ സപ്ലൈക്കോയ്ക്ക് നല്‍കാത്തതും പ്രതിസന്ധിയാണ്. അതേ സമയം, വ്യാപക ക്ഷാമമില്ലെന്നും സാധനങ്ങളെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി ജിആര്‍ അനില്‍ വിശദീകരിക്കുന്നു.