ഉദുമ: ബൈകില്‍ കടത്താന്‍ ശ്രമിച്ച 15.060 ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ലഹരി വിതരണ ശൃംഖലയിലെ മുഖ്യ കണ്ണിയായ യുവാവ് പിടിയിലായി. കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ സുജിത്ത്കുമാര്‍ (39) നെയാണ് ബേക്കല്‍ എ ഐ കെ വി രാജീവനും സംഘവും അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടുകൂടി പാലക്കുന്നിലെ പള്ളം-കാപ്പില്‍ റോഡില്‍ വാഹനപരിശോധനയ്ക്കിടെയാണ് ബൈക്കിൽ പാട്ടും പാടി വരികയായിരുന്നു സുജിത് കുമാർ കുടുങ്ങിയത്. സുജിത്ത്കുമാര്‍ സഞ്ചരിച്ച കെഎല്‍ ഒന്ന് സിഎച് 8217 നമ്പര്‍ ബൈകിന് കൈകാണിച്ചപ്പോള്‍ വാഹനം നിർത്തി മാന്യനാകുവാൻ ശ്രമിച്ചെങ്കിലും പോലീസിന് യുവാവിന്റെ പ്രകടനത്തിൽ സംശയം ഉയർന്നപ്പോൾ കൂടുതൽ പരിശോധനയ്ക്കായി തുനിഞ്ഞപ്പോൾ ഇയാള്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് സംഘം ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
പൊലീസിനെ തട്ടിമാറ്റി വലിയ രീതിയിൽ ബഹളംവെച്ച് കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് മുന്നിൽ വില പോയില്ല. യുവാവിനെ കീഴ്പ്പെടുത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് പാന്റിന്റെ കീശയില്‍നിന്നും പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ കണ്ടെടുത്തത്. ഇതോടെ പ്രകടനങ്ങൾ അവസാനിപ്പിച്ച് യുവാവ് പോലീസിന് കീഴ്പ്പെട്ടു.
മഴക്കുമരുന്ന് എവിടുന്നു ലഭിച്ചു എന്ന ചോദ്യത്തിന് ഉപ്പളയിലെ ജുനൈദില്‍ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്കി. ജുനൈദ് മയക്കുമരുന്ന് വിതരണത്തിലെ മുഖ്യഘടകം ആണെന്ന് പോലീസ് സൂചിപ്പിച്ചു. ഇയാൾക്കായുള്ള പരിശോധന പോലീസ് ആരംഭിച്ചിട്ടുണ്ട്.