ജില്ലയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും; എല്ലാ വിദ്യാലയങ്ങളിലും സ്റ്റേഷനറി ഷോപ്പുകള്‍ ആരംഭിക്കണം
കാസര്‍കോട്: ജില്ലയില്‍ ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാന്‍ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആന്റി നാര്‍ക്കോട്ടിക് കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ലഹരിമാഫിയ വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് തടയാന്‍ നിരീക്ഷണം ശക്തമാക്കും. വിദ്യാലയങ്ങളില്‍ തന്നെ സ്റ്റേഷനറി ഷോപ്പുകള്‍ ആരംഭിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. അതിര്‍ത്തിയില്‍ ആര്.ടി.ഒ യും ജി.എസ്.ടിയും സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലെ വിവരങ്ങള്‍ പൊലീസിനും എക്സൈസിനും കൈമാറും. അതിര്‍ത്തിയില്‍ വാഹന പരിശോധന കാര്യക്ഷമമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ദേശീയ പാതയില്‍ വാഹന പരിശോധനയ്ക്ക് ആവശ്യമായ ചെക്ക് പോയിന്റുകളുടെ സ്ഥാനങ്ങള്‍ കളക്ടര്‍ നേരിട്ട് പരിശോധിച്ച് തീരുമാനിക്കും. പൊലീസിന് ലഭിക്കുന്ന മൊബൈല്‍ ലൊക്കേഷനുകള്‍ എക്സൈസ് വകുപ്പിനും കൈമാറും. ജില്ലയില്‍ കൂടുതല്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചു. അനുമതി ലഭിച്ചാല്‍ മുളിയാറിലും മംഗല്‍പാടിയിലും ലഹരി വിമോചന കേന്ദ്രങ്ങള്‍ ആരംഭിക്കും. ബീച്ചുകള്‍, മെഡിക്കല്‍ ഷോപ്പ്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നാര്‍ക്കോട്ടിക് കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സബ് കളക്ടര്‍ സൂഫിയാന് അഹമ്മദ്, ,ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ പി.കെ.ജയരാജ്, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.എ.മാത്യു, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്യ പി രാജ്, അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസര്‍ എ.അജിത, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ വി.ബേബി, ജി എസ് ടി ഡപ്യൂട്ടി കമ്മീഷണര്‍ സാബു ഫോറസ്റ്റ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ലക്ഷ്മണന്, പോര്‍ട്ട് ഓഫീസ് പ്രതിനിധി അരുണ്‍ ആര് ചന്ദ്രന്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ (ആരോഗ്യ വിഭാഗം) എന്‍.പി.പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.