സി.പി.ഐ ലോക്കല്‍ സെക്രട്ടറിക്ക് നേരേ ആസിഡ് ആക്രമണം:പ്രതിയായ സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം മരിച്ചനിലയില്‍
മാറനല്ലൂര്‍: സി.പി.ഐ. മാറനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എ.ആര്.സുധീര്‍ഖാനു നേരേ ആസിഡ് ആക്രമണം നടത്തിയ ശേഷം ഒളിവില്‍പ്പോയ സി.പി. ഐ. കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റംഗം ഊരൂട്ടമ്പലം പിരിയാകോട് പൂമുഖത്ത് വീട്ടില്‍ സജികുമാറിനെ(59) മധുരയിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 7.30ഓടുകൂടിയാണ് സുധീര്‍ഖാന്റെ ദേഹത്ത് ആസിഡൊഴിച്ചത്. സുധീര്‍ഖാനും കുടുംബവും മാറനല്ലൂര്‍ ശാന്തിനഗറിലുള്ള വീട്ടിലാണ് താമസം. ഈ വീട്ടില്‍ വച്ചാണ് സംഭവം.
വെള്ളൂര്‍ക്കോണം സഹകരണസംഘത്തിലെ പ്രസിഡന്റാണ് സുധീര്ഖാന്. ഈ സംഘത്തില്‍നിന്ന് സെക്രട്ടറിയായി രണ്ടരവര്‍ഷം മുമ്പ് വിരമിച്ചയാളാണ് സജികുമാര്‍. സെക്രട്ടറി പദത്തില്‍നിന്നു വിരമിച്ചെങ്കിലും സംഘത്തില്‍ സജികുമാര്‍ ഇപ്പോഴും ചുമതലകള്‍ വഹിക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുധീര്‍ഖാന്റെ വീട്ടില്‍ പലപ്പോഴും സജികുമാര്‍ എത്തുന്നത് പതിവായിരുന്നു. സംഭവം നടക്കുന്ന ദിവസവും രാവിലെ സുധീര്‍ഖാന്റെ വീട്ടിലെത്തിയ സജികുമാര്‍, ഭാര്യ ഹയറുന്നിസയോടു തിരക്കിയപ്പോള്‍ ഉറങ്ങിക്കിടക്കുകയാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സുധീര്‍ഖാന്റെ മുറിക്കുള്ളിലേക്കു പോയിരുന്നു.
എന്നാല്‍, കുറച്ചുസമയം കഴിഞ്ഞപ്പോള്‍ മുറിയില്‍നിന്നു നിലവിളികേട്ടതിനെത്തുടര്ന്ന് എത്തിയ ഹയറുന്നിസ കണ്ടത് ശരീരത്തില്‍ പൊള്ളലേറ്റ് ശുചിമുറിയിലെ ടാപ്പ് തുറന്നിട്ടിരിക്കുന്ന സുധീര്‍ഖാനെയാണ്. ഈ സമയം, സജികുമാര്‍ മുറിയിലുണ്ടായിരുന്നില്ല. മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചതെന്നാണ് സുധീര്ഖാന് പറഞ്ഞത്. തുടര്‍ന്നാണ് ബന്ധുക്കളെ വിളിച്ചറിയിച്ചശേഷം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ െകാണ്ടുപോകുന്നത്. ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചല്ല അപകടമെന്നും ആസിഡുപോലുള്ള ദ്രാവകം ശരീരത്തില്‍ വീണതാണ് കാരണമെന്നും അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്നാണ് സജികുമാറിലേക്കു സംശയം നീങ്ങിയത്.
പിന്നീട് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആസിഡിന്റെ അംശം കണ്ടെത്തുന്നതും അന്വേഷണം ആരംഭിക്കുന്നതും. എന്നാല്‍, സജികുമാറിന്റെ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആക്കുകയായിരുന്നു. സംഭവത്തിനുശേഷം രണ്ട് സി.പി.ഐ. പ്രവര്‍ത്തകരെ സജികുമാര്‍ ഫോണില്‍ ബന്ധപ്പെടുകയും ആസിഡ് ഒഴിച്ചത് താനാണെന്ന് അറിയിക്കുകയും ചെയ്തു. സജികുമാറിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തമിഴ്നാട്ടിലായതു കാരണം മാറനല്ലൂര്‍ പോലീസ് തിരുനെല്‍വേലി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് സജികുമാര്‍ ആദ്യം വിളിച്ച പാര്‍ട്ടിപ്രവര്‍ത്തകനെ വീണ്ടും വിളിച്ചതിനെത്തുടര്‍ന്ന് മധുരയ്ക്കു സമീപമുള്ള ടവര്‍ ലൊക്കേഷന്‍ പോലീസ് സ്ഥിരീകരിച്ചിരുന്നു. പോലീസ് സംഘം മധുരയിലേക്ക് എത്തുന്നതിനു മുന്‍പുതന്നെ സജികുമാര്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചതായി മധുര പോലീസ് ബന്ധുക്കളെ വിളിച്ചറിയിച്ചു. ബന്ധുക്കള്‍ മധുരയിലേക്കു തിരിച്ചു. കലാറാണിയാണ് മരിച്ച സജികുമാറിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.