വെള്ളത്തിൽ മുങ്ങി 350 കാറുകൾ, നൂറുകണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു; നോയിഡയിൽ ഹിൻഡോൺ നദി കരകവിഞ്ഞു
ലഖ്നൗ: അതിശക്തമായി പെയ്യുന്ന മഴയിൽ നോയിഡയിലെ ഹിൻഡോൺ നദി കരകവിഞ്ഞൊഴുകുന്നു. താഴ്ന്ന പല പ്രേദശങ്ങളും വെള്ളത്തിനടിയിലാണ്. ഗ്രേറ്റർ നോയിഡയിൽ 350- ഓളം വരുന്ന ഓൺലൈൻ ഒല ടാക്സി കാറുകൾ വെള്ളത്തിൽ മുങ്ങിയതിന്റെ ദൃശ്യങ്ങളും എ.എൻ.ഐ. പുറത്തുവിട്ടു. നിരവധി വാഹനങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് മൂലം കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
മഴയുടെ പശ്ചാത്തലത്തിൽ നോയിഡ, ഗ്രേറ്റർ നോയിഡയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പ്ലസ് ടു വരേയുള്ള ക്ലാസുകൾക്കാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്. നദി കരകഴിഞ്ഞൊഴുകിയതോടെ നൂറു കണക്കിനാളുകളെ ഇത് പ്രതികൂലമായി ബാധിച്ചെന്നും ഇവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചതായും ജില്ലാ അധികൃതർ വ്യക്തമാക്കി. നിരവധി പേർ ദൂരെയുള്ള ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറിത്താമസിച്ചതായി അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
#WATCH | Noida, UP: Due to an increase in the water level of Hindon River, the area near Ecotech 3 got submerged due to which many vehicles got stuck. pic.twitter.com/a5WOcLCH02
— ANI (@ANI) July 25, 2023
ഞായറാഴ്ച ഗാസിയാബാദിൽനിന്ന് കാണാതായ രണ്ടുകുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച ഹിൻഡോൺ നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. ആദർശ് (18) ക്രിഷ് മിശ്ര (16) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. വ്യാപകമായ തിരച്ചിലിനൊടുവിലായിരുന്നു എൻ.ഡി.ആർ.എഫ്. സംഘം മൃതദേഹങ്ങൾ കണ്ടെടുത്തത്.
വരുംമണിക്കൂറുകളിൽ ഡൽഹിയിൽ അതിശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഹിമാചലിലെ ദേശീയ പാതയിൽ ഗതാഗത തടസം നേരിടുന്നുണ്ട്.
#WATCH | Rajasthan | Two youths were stuck on a bridge in Morwaniya, Udaipur while trying to cross it on their motorcycle even when the nearby river swelled and overflowed due to incessant heavy rainfall. They were later rescued by Civil Defence with the help of a hydraulic… pic.twitter.com/TAIiTNzgOa
— ANI MP/CG/Rajasthan (@ANI_MP_CG_RJ) July 26, 2023
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തെലങ്കാനയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച അതിശക്തമായ മഴയാണ് ഹൈദരാബാദിൽ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.