റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം സെപ്തംബര്‍ ആദ്യവാരം ഉദുമയില്‍; ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു
കാസര്‍കോട്: ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ മുന്നില്‍ കാസര്‍കോട് ജില്ലയുടെ വിവിധ നിക്ഷേപ സാധ്യതകളെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം സെപ്തംബര്‍ ആദ്യവാരം ഉദുമ ലളിത് ഹോട്ടലില്‍ നടക്കും. കാസര്‍കോട് സിറ്റി ടവര്‍ ഹോട്ടലില്‍ ചേര്‍ന്ന ജില്ലാതല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സ്വദേശികളായ വിദേശത്തുള്ള നിക്ഷേപകരെയും നിക്ഷേപക രംഗത്ത് വിജയിച്ചവരെയും പ്രമുഖരെയും റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തില്‍ പങ്കെടുപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് അഞ്ചിനകം നിക്ഷേപക സംഗമത്തില്‍ പങ്കെടുപ്പിക്കാനുള്ള നിക്ഷേപകരുടെ അന്തിമ പട്ടിക തയ്യാറാക്കും. ജില്ലയിലെ നിക്ഷേപകരെ സഹായിക്കുന്നതിനായി സ്ഥിരം സംവിധാനം രൂപീകരിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. അടുത്ത ജില്ലാതല സംഘാടക സമിതി യോഗം ആഗസ്റ്റ് പത്തിന് ചേരാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത്സ്ഥിരം സമിതി അധ്യക്ഷരായ ഷിനോജ് ചാക്കോ, ഗീതാകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, അഡ്വ. സി.രാമചന്ദ്രന്, ഫിറോസ് ഖാന്, സ്റ്റാര്‍ട്ട് അപ് മിഷന് കേരള പ്രതിനിധി സവാദ്, ചേമ്പര്‍ ഓഫ് കൊമ്യേഴ്സ് പ്രതിനിധി ഫറൂഖ് ഉണ്ണികൃഷ്ണന് മടിക്കൈ, സുഭാഷ് നാരായണന്, സംഘാടക സമിതി അംഗങ്ങള്‍ ജില്ലയിലെ നിക്ഷേപകരായ വ്യവസായികള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ് നന്ദിയും പറഞ്ഞു.