വയോധിക ദമ്പതികളുടെ കൊലപാതകം; ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചെന്ന് പൊലീസ്
തൃശൂർ: വടക്കേക്കാട്ടെ ദമ്പതികളുടെ കൊലപാതകത്തിൽ ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തൽ. കഴുത്തു മുറിച്ചെന്നും കുറ്റസമ്മത മൊഴിയിലുണ്ട്. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ പ്രതിയുടെ കൈയ്യിൽ നിന്നും കണ്ടെത്തി. അതേ സമയം, കൊലപാതകം നടത്തിയ സമയത്തെക്കുറിച്ച് പ്രതി നൽകുന്നത് പരസ്പരവിരുദ്ധമായ മൊഴിയാണ്. പ്രതി അക്മലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അക്മലിനെ ഇന്ന് സംഭവ സ്ഥലത്തേത്തിച്ച് തെളിവെടുപ്പ് നടത്തും. മംഗലാപുരത്തു നിന്നും പിടികൂടിയ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലഹരിമരുന്നിന് പണം ആവശ്യപ്പെട്ടുണ്ടായ തർക്കമാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക മൊഴി. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രതി അക്മലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അബ്ദുള്ളകുട്ടിയെയും ജമീലയെയും കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയിരുന്നു. തിരൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിലായിരുന്ന പ്രതി നാലു മാസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയിയത്.
വടക്കേക്കാട് വൈലത്തൂരിലാണ് ദാരുണമായ സംഭവം നടന്നത്. മാനസികാരോഗ്യത്തിന് ചികിൽസയിലുള്ള കൊച്ചു മകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65) , ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകനാണ് അക്മൽ (27). തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്നലെ രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്