ലീനാമണി കൊലക്കേസ്: മുഖ്യ പ്രതികൾ പിടിയിൽ, മൂന്നാം പ്രതി ഒളിവിൽ
തിരുവനന്തപുരം: ലീനാമണി കൊലക്കേസിലെ പ്രധാന പ്രതികൾ അറസ്റ്റിൽ. ഒന്നാം പ്രതി അയിരൂർ കളത്തറ ഷഹാന മൻസിലിൽ ഷാജി (46), രണ്ടാം പ്രതി അയിരൂർ എസ്.എൻ വില്ലയിൽ അബ്ദുൽ അഹദ് (41) എന്നിവരാണ് അയിരൂർ പോലീസിന്റെ പിടിയിലായിരിക്കുന്നത്. കൃത്യം നടത്തിയതിന് ശേഷം ഒളിവിലായിരുന്ന പ്രതികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. വിവിധ സ്ക്വാഡുകൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഖ്യ പ്രതികൾ പിടിയിലാകുന്നത്. അതേസമയം കേസിലെ മൂന്നാം പ്രതി മുഹ്സിൻ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
കേസിലെ നാലാം പ്രതിയും അഹദിന്റെ ഭാര്യയുമായ ഇടവ സ്വദേശിനി റഹീനയെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. ഭർതൃസഹോദരങ്ങളുടെ അടിയേറ്റ് ജൂലൈ 16 ന് രാവിലെയാണ് 54കാരിയായ ലീനാമണി കൊല്ലപ്പെട്ടത്. ലീനാമണിയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നതിനും സ്വത്തുക്കൾ കൈക്കലാക്കാനും പ്രതികൾ നിരന്തരം ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ച് കോടതിയിലും അയിരൂർ പോലീസിലും ലീനാമണി നിരവധി പരാതികളും നൽകിയിരുന്നു.
ലീനാമണിയുടെ ഭർത്താവ് സിയാദ് എന്ന് വിളിക്കുന്ന എം.എസ് ഷാൻ ഒന്നരവർഷം മുന്നേ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. 20 വർഷത്തോളം സഹായിയായി നിൽക്കുന്ന തമിഴ്നാട് സ്വദേശിനി സരസുവിനൊപ്പമാണ് ലീനാമണി കഴിഞ്ഞു വന്നത്. കൊല്ലപ്പെടുന്നതിന് നാല്പത് ദിവസം മുൻപ് ഭർത്യസഹോദരൻ അഹദും ഭാര്യ റഹീനയും ലീനാമണിയുടെ വീട്ടിൽ അതിക്രമിച്ചു കയറി താമസിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ഇവരിൽ നിന്നും ശാരീരികവും മാനസികവുമായ പീഡനം ലീനാമണിക്ക് നേരിടേണ്ടി വന്നതിനെത്തുടർന്നാണ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കോടതിയുടെ ഇടക്കാല സംരക്ഷണ ഉത്തരവ് അഹദിന് കൈമാറുകയും മേലിൽ പ്രശ്നങ്ങൾ സൃഷ്ടിക്കരുത് എന്ന് പോലീസ് താക്കീത് നൽകുകയും ചെയ്തു. തൊട്ടടുത്ത ദിവസമാണ് ലീനാമണി ക്രൂരമായി കൊല ചെയ്യപ്പെടുന്നത്.