കാപ്പി പോലെ മധുരം പകര്‍ന്ന് ഇനി ഇംഗ്ലീഷ് പഠനം
കാസര്‍കോട് :ഞാനും എന്റെ മലയാളവും മാതൃകാ പദ്ധതിക്ക് ശേഷം കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠനം എളുപ്പമാക്കാനുള്ള പദ്ധതിയുമായി മടിക്കൈ പഞ്ചായത്ത്. നാലാം ക്ലാസിലെ കുട്ടികള്‍ക്കായാണ് കോഫി – ഫോര്‍ -യു പാഠ്യപദ്ധതി നടപ്പാക്കുന്നത്. രസകരവും ഒഴുക്കോടെയുമുള്ള ഇംഗ്ലീഷ് ഭാഷാവിനിമയ പഠനമാണ് കോഫി-ഫോര്‍-യു പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ലഭ്യമാക്കുക. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്. മടിക്കൈ പഞ്ചായത്തിലെ പത്ത് സ്കൂളുകളില്‍ പദ്ധതി നടപ്പാക്കും. പ്രത്യേക വിദ്യാഭ്യാസ കോംപ്ലക്സ് എന്ന ആശയം നടപ്പിലാക്കി പഠനത്തിന് പുതു വെളിച്ചമേകാന്‍ മടിക്കൈ പഞ്ചായത്തിന് ഇതിനകം സാധിച്ചിട്ടുണ്ട്. മാതൃഭാഷാ ബോധനത്തിലെ വിടവ് കണ്ടെത്തി പരിഹരിക്കാര് ആവിഷ്ക്കരിച്ച ഞാനും എന്റെ മലയാളവും പദ്ധതി സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ ആകര്‍ഷിച്ച പദ്ധതിയാണ്. മൂന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളിലെ പഠന വിടവ് നികത്തി പ്രതീക്ഷിത നിലവാരത്തിലുള്ള ഭാഷാശേഷിയിലേക്ക് അവരെ എത്തിക്കാന്‍ ഞാനും എന്റെ മലയാളവും പദ്ധതിയിലൂടെ സാധിച്ചു. ഡയറ്റ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.എം.ബാലന്റെ നേതൃത്വത്തില്‍ പ്രത്യേക അധ്യാപക വര്‍ക് ഷോപ്പ് സംഘടിപ്പിച്ച് മൊഡ്യൂള്‍ തയ്യാറാക്കി. 45 ദിവസം കൊണ്ട് 62 മണിക്കൂര്‍ നീണ്ടു നിന്ന ക്ലാസ് നടത്തി. പഠനത്തിന് പുറമെ ചെയ്ത് പഠിക്കാനുള്ള 45 ദിവസത്തെ പ്രത്യേക വര്‍ക്ഷീറ്റുകളും വിദ്യാര്‍ത്ഥികള്‍ക്ക് നല്കി. മൊഡ്യൂള്‍ നിര്‍മ്മാണത്തിനും അധ്യാപക ശാക്തീകരണത്തിനുമായി പ്രത്യേക പരിശീലന പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിലെ അധ്യാപകര്‍ക്കു പുറമെ അധ്യാപക പരിശീലന യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ സേവനവും പദ്ധതി നിര്‍വ്വഹണത്തിനായി പ്രയോജനപ്പെടുത്തിയിരുന്നു. ഞാനും എന്റെ മലയാളവും പദ്ധതിക്ക് വലിയ അംഗീകാരം തന്നെയാണ് ലഭിച്ചത്. വലിയ മികവാണ് ഓരോ കുട്ടിയും കാഴ്ച വെച്ചിരുന്നത്. അത്തരത്തില്‍ തന്നെ വലിയ മികവുണര്ത്താന് കോഫി- ഫോര്‍ -യു പദ്ധതിക്കും കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.